ഇടക്കാല ബജറ്റില്‍ പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികളില്‍ കേന്ദ്രം ചില മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഈ വര്‍ഷം പിഎം കിസാന്‍ പദ്ധതിയുടെ പേഔട്ട് 50 ശതമാനം വര്‍ധിപ്പിച്ചേക്കും. പ്രതിവര്‍ഷം 6000 രൂപയില്‍ നിന്ന് 9000 രൂപയായി ഉയര്‍ത്താനാണ് സാധ്യത. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് മൂന്ന് ഗഡുക്കളായി സര്‍ക്കാര്‍ ഈ പണം ഓണ്‍ലൈനായി കൈമാറുകയാണ് ചെയ്യുന്നത്.
2024 ലെ കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിക്കുന്ന മൂന്ന് പ്രധാന സാമൂഹിക മേഖലയിലെ പ്രഖ്യാപനങ്ങളിലൊന്നാണ് കര്‍ഷകര്‍ക്കുള്ള പിഎം കിസാന്‍ പദ്ധതിയുടെ പേഔട്ട് വര്‍ദ്ധന. കൂടാതെ, 2024 ലെ ബജറ്റ് അവതരണ വേളയില്‍ കേന്ദ്രത്തിന്റെ ഭവന പദ്ധതി – പിഎം ആവാസ് യോജന – സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരിക്കും.
2019ലെ ഇടക്കാല ബജറ്റിലാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ 16-ാം ഗഡു ഈ വര്‍ഷം ഫെബ്രുവരിയില്‍ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 15ന് സര്‍ക്കാര്‍ 15-ാം ഗഡു കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. വരുന്ന ഫെബ്രുവരിയില്‍ ഈ പദ്ധതി ആരംഭിച്ചിട്ട് 5 വര്‍ഷം തികയുകയാണ്. അടുത്ത 5 വര്‍ഷത്തേക്ക് കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രകാരം പിഎം കിസാന്‍ പദ്ധതിയുടെ അടങ്കല്‍ 60,000 കോടി രൂപയായിരുന്നു. ഈ വര്‍ഷം 50 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ക്ഷേമപദ്ധതികള്‍ക്ക് പുറമെ, സ്വകാര്യമേഖലയിലെ നിക്ഷേപം മേഖലകളിലുടനീളം ഇനിയും ഉയര്‍ന്നിട്ടില്ലാത്തതിനാല്‍, മൂലധനച്ചെലവിനുള്ള ഊര്‍ജം കേന്ദ്രം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ത്തു.