Newsperseconds.com

മഞ്ഞുമ്മല്‍ ബോയ്‌സ് എഫക്ട്; ഗുണകേവിലെ ‘സാത്താന്റെ അടുക്കള’ കാണാന്‍ സഞ്ചാരികളുടെ വന്‍ ഒഴുക്ക്

Capture

സിനിമാലോകത്ത് ഇപ്പോള്‍ ചിദംബരത്തിന്റെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ ചര്‍ച്ചയാണ്. കേരളത്തിനകത്തും പുറത്തുമായി ചിത്രം വന്‍വിജയമായി ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമ കണ്ടതോടെ ചിത്രത്തിലെ പ്രധാന ലൊക്കേഷന്‍ ആയ കൊടൈക്കനാലിലെ ഗുണ കേവില്‍ ഇപ്പോള്‍ വന്‍തിരക്കാണ്. സിനിമയുടെ എഫക്ടില്‍ യുവാക്കളും ഫാമിലിയുമെല്ലാം ഗുണാകേവ് കാണാനെത്തുകയാണ്. ഗുണയുടെ ഭംഗിയും പേടിപ്പെടുത്തുന്ന സ്ഥലങ്ങളും ചിത്രത്തില്‍ ഒപ്പിയെടുത്തിട്ടുണ്ട്.

1991 ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രമായ ഗുണ എന്ന ചിത്രത്തിനു ശേഷം ഇപ്പോഴാണ് കൊടൈക്കനാലിലുള്ള ഈ ലൊക്കേഷന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. റിയല്‍ സ്റ്റോറിയെ സിനിമയാക്കി മാറ്റിയത് കൊണ്ട് തന്നെ ഗുണകേവ് കാണാന്‍ എല്ലാവര്‍ക്കും കൗതുകമാണ്. ഗുണകേവിലെ സാത്താന്റെ അടുക്കള എന്നറിയപ്പെടുന്ന ഡെവിള്‍സ് കിച്ചണ്‍ കാണണമെന്ന് പറഞ്ഞാണ് യുവാക്കള്‍ എത്തുന്നത്. എന്നാല്‍ അവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശിക്കാനാവില്ല. മലയാളസിനിമയില്‍ വരുന്ന സ്ഥലങ്ങള്‍ മിക്കതും പിന്നീട് മലയാളികളുടെ പ്രധാനപ്പെട്ട സഞ്ചാരകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.

തമിഴ്‌നാട്ടിലും മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം ട്രെന്‍ഡ് ആയതിനെത്തുടര്‍ന്ന് ഗുണ കേവ് പരിസരത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്നാണ് കൂടുതല്‍ ആളുകളും ഗുണകേവ് കാണാനെത്തുന്നത്. കര്‍ണ്ണാടകത്തില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. എന്നാല്‍ അപകടകരമായ സാഹചര്യമുള്ള ഗുണ കേവിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഗുണയിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് പോലീസ് നല്‍കുന്നത്.

 

Share this Article

Leave a Comment