Newsperseconds.com

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; ലക്ഷ്യം തമിഴ്‌നാട്ടിൽ ബി.ജെ.പിയെ ശക്തിപ്പെടുത്തൽ

IMG 20261013 WA0174

2029 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ടിൽ പ്രവർത്തിക്കാൻ തീരുമാനം; മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും ഒഴിയാൻ പ്രധാനമന്ത്രിക്ക് കത്ത്

ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ, പാർലമെന്ററികാര്യ സഹമന്ത്രി എൽ. മുരുകൻ കേന്ദ്രമന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവെക്കാൻ തീരുമാനിച്ചു. തമിഴ്‌നാട്ടിൽ ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതിനായി പാർട്ടിയുടെ താഴെത്തട്ടിൽ പ്രവർത്തിക്കാൻ കൂടുതൽ സമയം നീക്കിവയ്ക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലൂടെയാണ് മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും രാജ്യസഭാംഗത്വം ഉപേക്ഷിക്കാൻ അനുവദിക്കണമെന്നും മുരുകൻ ആവശ്യപ്പെട്ടത്. പാർട്ടി പ്രവർത്തകർക്കൊപ്പം നിന്ന് ഗ്രാമങ്ങളിലും തെരുവുകളിലും ജനങ്ങളുമായി നേരിട്ട് ഇടപഴകി സംഘടനയെ ശക്തിപ്പെടുത്താനാണ് ആഗ്രഹമെന്ന് അദ്ദേഹം അറിയിച്ചു.

2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ ബി.ജെ.പിയുടെ സ്വാധീനം വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്നും മുരുകൻ വ്യക്തമാക്കി.

സാധാരണ കുടുംബത്തിൽനിന്ന് രാഷ്ട്രീയത്തിലെത്തി കേന്ദ്രമന്ത്രിയായ അനുഭവം അനുസ്മരിച്ച അദ്ദേഹം, തനിക്ക് അവസരം നൽകിയ പ്രധാനമന്ത്രിയോടും പാർട്ടി നേതൃത്വത്തോടും നന്ദി അറിയിച്ചു.

തമിഴ്‌നാട് ബി.ജെ.പിയുടെ മുൻ സംസ്ഥാന അധ്യക്ഷനായ മുരുകൻ 2021 ജൂലൈയിലാണ് കേന്ദ്രമന്ത്രിസഭയിലെത്തിയത്. മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ കാലാവധി 2030 ഏപ്രിൽ വരെ തുടരേണ്ടതായിരുന്നു.

മുരുകന്റെ രാജി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. എന്നാൽ, പുനഃസംഘടന സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

Share this Article

Leave a Comment