സുഭാഷ് തന്ത്രിയുടെ ക്ഷേത്രത്തിന്റെ നിയമപരമായ സ്ഥിതിയും അവിടെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ദുര്‍മന്ത്രവാദങ്ങളും പൂജകളും മറ്റ് മോശമായ പ്രവര്‍ത്തനങ്ങളും പരിശോധിക്കണം; ശ്രീനാരായണ ഗുരുദേവനെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചത് ശ്രീനാരായണ സമൂഹത്തോടുള്ള വെല്ലുവിളി; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കും; സുഭാഷ് തന്ത്രിക്കെതിരെ നിയമ നടപടിക്ക് ഗോകുലം ഗോപാലന്
തിരുവനന്തപുരം: ലോകഗുരുവായ ഭഗവാന് ശ്രീനാരായണ ഗുരുദേവനെ നവമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുകയും ആക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തൊടുപുഴ സ്വദേശിയായ സുഭാഷ് എന്ന വ്യക്തിക്കെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുമെന്ന് ഗോകുലം ഗോപാലന്. ശ്രീനാരായണ ഗുരുദേവനെ അപമാനിക്കാന്‍ നടത്തുന്ന ഇത്തരം ഗൂഢ ശ്രമങ്ങളെ സാധാരണ സോഷ്യല്‍ മീഡിയ പ്രതികരണമായി കാണാനാകില്ല. ഗുരുദേവനെ ആദരിക്കുകയും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ശ്രീനാരായണ സമൂഹത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. ഗുരുദേവനെ അപമാനിക്കുന്നത് ഗുരുവിനെ മാത്രം അപമാനിക്കുന്നതല്ല. ഗുരുദേവന്റെ ദര്‍ശനങ്ങളിലും ആശയങ്ങളിലും വിശ്വസിച്ച് ജീവിക്കുന്ന വലിയൊരു സമൂഹത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ഗോകുലം ഗോപാലന് പറഞ്ഞു. സുഭാഷ് തന്ത്രിയെന്ന് അറിയപ്പെടുന്ന സുഭാഷ് ആണ് ഗുരുദേവനെ അപമാനിച്ചത്.
ജാതിക്കും മതത്തിനും വര്‍ഗ്ഗത്തിനും അതീതമായി മനുഷ്യനെ ചേര്‍ത്തുപിടിച്ച മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവന്. സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും എതിരെ ഗുരു നടത്തിയ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളും മനുഷ്യനെ ഉയര്‍ത്തിപ്പിടിച്ച ദീര്‍ഘവീക്ഷണമുള്ള ആശയങ്ങളും കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗുരുദേവന്റെ ദര്‍ശനങ്ങളുടെ പ്രസക്തി അംഗീകരിക്കുകയും ശ്രീനാരായണ ഗുരുദേവന്റെ ദീര്‍ഘവീക്ഷണമുളള ആശയങ്ങള്‍ നടപ്പിലാക്കുകയും അനുസ്മരിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ്, സുഭാഷ് എന്ന വ്യക്തി ഗുരുവിനെ അവഹേളിക്കാന്‍ ശ്രമിക്കുന്നത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ നെഞ്ചേറ്റി ജീവിക്കുകയാണ്. ഗുരുദേവന്റെ മഹത്വം ലോകം അംഗീകരിക്കുന്ന ഈ കാലഘട്ടത്തിലാണ് മഹാഗുരുവിനെ മോശമായ ഭാഷയിലും അപവാദപ്രചാരണങ്ങളിലൂടെയും സുഭാഷ് എന്ന വ്യക്തി നിരന്തരം അപമാനിക്കാന്‍ ശ്രമിക്കുന്നത്. ഇത് ഒരിക്കലും നിസ്സാരമായി കാണാന്‍ കഴിയില്ല.
ശ്രീനാരായണ ഗുരുദേവനെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സമൂഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഇത്തരം നീചമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികളും വിഷയത്തെ അതീവ ഗൗരവത്തോടെ കാണണം. ഇത് ഒരു വ്യക്തിക്കെതിരായ വ്യക്തിപരമായ പ്രതികരണമല്ല. ഗുരുദേവനെ അപമാനിക്കുന്ന നീചമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെടുകയാണ്. സുഭാഷ് എന്ന വ്യക്തി സോഷ്യല്‍ മീഡിയയിലൂടെ ഗുരുദേവനെ തരം താണ ഭാഷയില്‍ അപമാനിക്കുകയും ശ്രീനാരായണ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍, അതുസംബന്ധിച്ച എല്ലാ തെളിവുകളും പരിശോധിച്ച് നിയമാനുസൃതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. അതോടൊപ്പം, ഗുരുവിനെ അപമാനിച്ച സുഭാഷ് എന്ന വ്യക്തിയുമായി ബന്ധപ്പെട്ടതായി പറയപ്പെടുന്ന ക്ഷേത്രത്തിന്റെ നിയമപരമായ സ്ഥിതിയും അവിടെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ദുര്‍മന്ത്രവാദങ്ങളും പൂജകളും മറ്റ് മോശമായ പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട അധികാരികള്‍ പരിശോധിക്കണം. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്ന പക്ഷം സര്‍ക്കാര്‍ ശക്തമായ നിയമ നടപടി സ്വീകരിക്കണം.
ഇത് ഒരു ഈഴവന്റെയോ ഏതാനും ശ്രീനാരായണ സംഘടനകളുടെയോ മാത്രം വിഷയമല്ല. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ മത സാമൂഹിക സാംസ്ക്കാരിക സമൂഹവും മാധ്യമങ്ങളും ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്. ശ്രീനാരായണ ഗുരുദേവന് ഒരു വിഭാഗത്തിന്റെ മാത്രം ഗുരുവല്ല. ജാതിക്കും മതത്തിനും വര്‍ഗ്ഗത്തിനും അതീതമായി മനുഷ്യസമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ലോകഗുരുവാണ്. 1924-ല്‍ സര്‍വമത സമ്മേളനം സംഘടിപ്പിച്ച ഗുരുദേവനെയാണ് അപമാനിക്കാന്‍ ശ്രമിക്കുന്നതെന്ന് നാം ഓര്‍ക്കണം. ജാതിക്കെതിരെ ശക്തമായ സന്ദേശം ഉയര്‍ത്തിയ ഗുരുദേവനെയാണ് അപമാനിക്കാന്‍ ശ്രമിക്കുന്നത്. ആത്മോപദേശത്തിലൂടെ മനുഷ്യന്റെ ഉള്ളിലെ ചൈതന്യത്തെ തിരിച്ചറിയാന്‍ സമൂഹത്തെ പ്രേരിപ്പിച്ച ഗുരുദേവനെയാണ് അപമാനിക്കുന്നത്. എല്ലാ മതസ്ഥര്‍ക്കും ഒരുമിച്ച് പ്രാര്‍ത്ഥിക്കാനും മനുഷ്യരെ ഒന്നിപ്പിക്കാനും കഴിയുന്ന വിശാലമായ മാനവിക ദര്‍ശനം മുന്നോട്ടുവച്ച ഗുരുദേവനെയാണ് അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. ഗുരുദേവന്റെ മഹത്വവും ദര്‍ശനവും മനസ്സിലാക്കാതെ, അപവാദപ്രചാരണങ്ങളിലൂടെയും മോശമായ ഭാഷയിലൂടെയും മഹാഗുരുവിനെ തരംതാഴ്ത്താന്‍ ശ്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തുടക്കത്തില്‍ തന്നെ ശക്തമായ നിയമനടപടി ഉണ്ടാകണം. ഇല്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ ആളുകള്‍ക്ക് സമാനമായ രീതിയില്‍ ഗുരുദേവനെ അപമാനിക്കാന്‍ ധൈര്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകാം.നമ്മള് പ്രതികരിക്കേണ്ടത് അക്രമത്തിലൂടെയല്ല. ഗുരുദേവന് നമ്മെ പഠിപ്പിച്ച വഴിയില്‍, ഒരു തുള്ളി രക്തം പോലും ചിന്താതെ, നിയമപരമായും ജനാധിപത്യപരമായും ശക്തമായ പ്രതികരണമാണ് ഉണ്ടാകേണ്ടത്. ശ്രീനാരായണ സമൂഹം ഒറ്റക്കെട്ടാണെന്ന് ബോധ്യപ്പെടുത്തേണ്ട സമയമാണിത്. ഗുരുദേവന്റെ മഹത്വത്തെ അപമാനിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെടുന്നതില്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം. ഇന്ന് ശ്രീനാരായണ ഗുരുദേവനെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍, നാളെ മറ്റേതെങ്കിലും മഹത് വ്യക്തിത്വങ്ങളെയും മതവിശ്വാസങ്ങളെയും അപമാനിക്കുന്ന സാഹചര്യം ഉണ്ടാകാം. അതുകൊണ്ടുതന്നെ ഇത്തരം പ്രവണതകള്‍ തുടക്കത്തില്‍ തന്നെ നിയമത്തിന്റെ വഴിയിലൂടെ തടയേണ്ടത് അനിവാര്യമാണ്.
കേരളത്തിന്റെ ആത്മീയവും സാമൂഹികവുമായ നവോത്ഥാന ചരിത്രത്തില്‍ ശ്രീനാരായണ ഗുരുദേവനുള്ള മഹത്തായ സ്ഥാനം തിരിച്ചറിഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഈ വിഷയത്തില്‍ അതീവ ഗൗരവത്തോടെ ഇടപെടണം. ശ്രീനാരായണ ഗുരുദേവനെ ആദരിക്കുകയും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന സമൂഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സുഭാഷ് എന്ന വ്യക്തിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിച്ച്, കുറ്റം തെളിയുന്ന പക്ഷം നിയമാനുസൃതമായ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. വി. ഡി. സതീശന് സര്‍ക്കാരില്‍ നിന്ന് ഈ വിഷയത്തില്‍ ശക്തമായ . നിയമനടപടി ഉണ്ടാകുമെന്ന ആത്മാര്‍ത്ഥമായ പ്രതീക്ഷയുണ്ട്. ഗുരുദേവന്റെ മഹത്വം സംരക്ഷിക്കപ്പെടണം. ശ്രീനാരായണ സമൂഹത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കപ്പെടണം. നിയമത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണം- ഗോകുലം ഗോപാലന് പറഞ്ഞു