ദില്ലി: സിറ്റിംഗ് എംപിയായ സ്മൃതി ഇറാനിക്കെതിരെ അമേഠി മണ്ഡലത്തില്‍ നിന്ന് താന്‍ മത്സരിക്കണമെന്ന് അമേഠിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. അമേഠിയിലെ ജനങ്ങള്‍ക്ക് അവരുടെ തെറ്റ് മനസ്സിലായി. ഒരു ഗാന്ധി കുടുംബാംഗം മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്ന് അവര്‍ക്ക് ഇപ്പോള്‍ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേഠിയില്‍ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് റോബര്‍ട്ട് വാദ്ര മത്സരിക്കാനെത്തുമെന്ന് സൂചന ലഭിച്ചത്. മത്സരിക്കാന്‍ റോബര്‍ട്ട് വാദ്ര താല്‍പര്യമറിയിച്ചതായാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന വിവരം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ പ്രഥമ പരിഗണന അമേഠിക്കായിരിക്കുമെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു. പതിറ്റാണ്ടുകളായി ഗാന്ധി കോട്ടയില്‍ നിന്നുള്ള സീറ്റില്‍ നിന്ന് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠി ചൂടുള്ള സീറ്റായി മാറിയിരുന്നു.