തിരുവനന്തപുരം: യുഎഇയിലെ ശക്തമായ കാറ്റിലും മഴയിലും ദുരുതമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പാക്കാന്‍ വിദേശ കാര്യ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് വലിയ നാശനഷ്ടമാണുണ്ടായത്. പെട്ടെന്ന് തന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
കേരളത്തില്‍ എന്ന പോലെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ നമ്മെ ബാധിക്കുക. യുഎഇയില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഒരു വര്‍ഷം പെയ്യേണ്ട മഴ ഒറ്റ ദിവസം കൊണ്ട് പെയ്തു എന്നാണ് റിപ്പോര്‍ട്ട്. വലിയ നാശനഷ്ടമാണുണ്ടായത്. പെട്ടെന്ന് തന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കേണ്ടത്.
പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പാക്കാന്‍ വിദേശ കാര്യ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തണം. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രവാസി മലയാളി സഹോദരങ്ങളെ അഭിവാദ്യം ചെയ്യുന്നു.
യുഎഇയില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും കോടികളുടെ നഷ്ടമാണ് ഉണ്ടായത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പെയ്തത്. അബുദബി അല്‍ഐന്‍ മേഖലയില്‍മാത്രം ഒറ്റദിവസം 254.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ശക്തമായ മഴയും കാറ്റും മൂലം കോടികളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്.