Newsperseconds.com

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു; സ്ഥാനം കൈമാറാന്‍ വൈകിയത് ചര്‍ച്ച ചെയ്യും

Images

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ കണ്ടതിനു ശേഷം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. സുധാകരന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വന്നതിനെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരന്‍ തത്കാലത്തേക്ക് മാറിയിരുന്നു. എന്നാല്‍ താല്‍ക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസന്‍ തിരഞ്ഞെടുപ്പിനു ശേഷവും ഒഴിയാത്തത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

എംഎം ഹസന്‍ ആക്ടിങ് പ്രസിഡന്റ് ആയിരിക്കെ എടുത്ത നടപടികളില്‍ സുധാകരന്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. അച്ചടക്ക നടപടി നേരിട്ട നേതാക്കളെ തിരിച്ചെടുത്ത ഹസന്റെ നടപടി കൂടിയാലോചനകളില്ലാതെയെന്ന് സുധാകരന്‍ വിമര്‍ശിച്ചു. ചുമതല തിരിച്ചുനല്‍കാന്‍ ഹസന്‍ വൈകിയത് പാര്‍ട്ടിക്കകത്ത് ചര്‍ച്ചവിഷയമായി.

കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡ് സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരികെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. സുധാകരനെ ഒഴിവാക്കാന്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകള്‍ ശ്രമം നടത്തിയതായി കെ സുധാകരന്‍ അനുകൂലികള്‍ വിലയിരുത്തുന്നു. കെ സുധാകരന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റായിരുന്ന എംഎം ഹസ്സന്‍ സംബന്ധിച്ചിരുന്നില്ല. കണ്‍വീനര്‍ സ്ഥലത്തില്ല, അദ്ദേഹം പുറത്തു പോയിരിക്കുകയാണെന്ന് സ്ഥാനമേറ്റെടുത്ത ശേഷം കെ സുധാകരന്‍ വ്യക്തമാക്കി.

Share this Article

Leave a Comment