തിരുവനന്തപുരം: വര്‍ക്കലയില്‍ കടലില്‍ ചാടിയ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനി മരിച്ചു. വര്‍ക്കല വെണ്‍കുളം സ്വദേശിനിയായ ശ്രേയയാണ് (14) മരിച്ചത്. കൂടെ ഉണ്ടായിരുന്ന ആണ്‍സുഹൃത്തിനായി തിരച്ചില്‍ തുടരുകയാണ്. വെറ്റക്കട ബീച്ചിലാണ് ദാരുണ സംഭവമുണ്ടായത്. രണ്ട് കുട്ടികള്‍ കടലിലേക്ക് ഇറങ്ങിപ്പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ തിരച്ചിലിനിടെ ഒരു കുട്ടിയുടെ മൃതദേഹം കരയ്ക്ക് അടിഞ്ഞു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ സംശയം. പെണ്‍കുട്ടി വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയതാണെന്ന് പൊലീസ് പറയുന്നു.
ആണ്‍സുഹൃത്തിനൊപ്പമായിരുന്നു കുട്ടി കടലില്‍ ചാടിയത്. പെണ്‍കുട്ടിയുടെ മൃതദേഹം വൈകിട്ട് കാപ്പില്‍പൊഴി ഭാഗത്ത് നിന്ന് കണ്ടെത്തി. പ്രതികൂലമായ കാലാവസ്ഥ വെല്ലുവിളിയാണ്. ആണ് സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അയിരൂര്‍ എം.ജി.എം. മോഡല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശ്രേയ. സ്കൂള്‍ യൂണിഫോമിലെത്തിയ വിദ്യാര്‍ത്ഥി സുഹൃത്തിനൊപ്പം കടലില്‍ ചാടിയെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇവരാണ് വിവരം അയിരൂര്‍ പൊലീസിനെ അറിയിച്ചത്. ധനകാര്യസ്ഥാപനം നടത്തുന്ന സാജന്റെയും അധ്യാപികയായ സിബിയുടെയും മകളാണ് ശ്രേയ.