ദില്ലി: കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപിയായ സുരേഷ് ഗോപി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. കേന്ദ്ര നേതൃത്വത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചെതായാണ് വിവരം. കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു നേരത്തെ സുരേഷ് ഗോപി പ്രതികരിച്ചത്. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ്ഗോപി പറഞ്ഞിരുന്നു.
കേരളത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വീറും വാശിയോടെയും കൂടി മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് ചെയ്യണം. താന്‍ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ ദില്ലി വിമാനത്താവളത്തില്‍ മലയാളി ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.