തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്നും കുത്തിവെപ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. മലയിന്‍കീഴ് സ്വദേശി കൃഷ്ണ (28)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആറ് ദിവസമായിട്ട് ചികിത്സയിലായിരുന്നു.
വൃക്കയിലെ കല്ലിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷ്ണ ഇഞ്ചക്ഷന് എടുത്തതോടെ അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം 15നാണ് കൃഷ്ണയെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടെന്നും അതിനുള്ള പരിശോധനയൊന്നും നടത്താതെ കുത്തിവെപ്പെടുത്തതാണ് മരണത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം.