മലയാള സിനിമാമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനായി നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ കേള്‍ക്കാന്‍ ഡിവിഷന് ബഞ്ച് അനുവാദം നല്കി. മുന്‍ ഹര്‍ജിയില്‍ കക്ഷിയല്ലാത്തതിനാലാണ് രഞ്ജിനി പ്രത്യേക അനുമതി തേടിയത്. അപ്പീല്‍ തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും.
റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജി തള്ളിയതിന് പിന്നാലെ നാളെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 295 പേജുകളുള്ള റിപ്പോര്‍ട്ടിലെ 62 പേജുകള്‍ ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പുറത്തുവിടുക. 5 മാധ്യമപ്രവര്‍ത്തകരാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചിരുന്നത്.