Newsperseconds.com

സംസ്ഥാനത്ത് ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളക്ക് തുടക്കമായി

Untitled 1

സംസ്ഥാനത്ത് ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളക്ക് തുടക്കമായി. തിരുവനന്തപുരം കനകക്കുന്ന് സൂര്യകാന്തി ഫെയര്‍ ഗ്രൗണ്ടില്‍ സെപ്റ്റംബര്‍ 14 വരെയാണ് മേള. കേരളം, ജമ്മു കാശ്മീര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, തെലുങ്കാന, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, ബീഹാര്‍, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ പ്രാധിനിത്യം ഈ പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ ഉല്പന്നങ്ങളായ ബാലരാമപുരം കൈത്തറി ഉല്‍പ്പന്നങ്ങള്‍, ചേന്ദമംഗലം, കുത്താമ്പുള്ളി എന്നീ പ്രധാനപ്പെട്ട ഭൗമസൂചിക ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു.

ഉത്തര്‍ പ്രദേശിലെ ചന്ദേരി സാരികള്‍, ജമ്മു കശ്മീരിലെ പഷ്മീന ഷാളുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നിര തന്നെ മേളയിലെ സ്റ്റാളുകളില്‍ ഒരുക്കിയിട്ടുണ്ട്.പരമ്പരാഗത തൊഴില്‍ മേഖലയായ കൈത്തറി വ്യവസായത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ഓണ വിപണിയില്‍ സജീവമാക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ്, സംസ്ഥാന ഗവണ്മെന്റ്, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, തിരുവനന്തപുരം ജില്ലാവ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ പങ്കാളിത്തത്തോടു കൂടിയാണ് ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 14 വരെ കനകക്കുന്നിലെ സൂര്യകാന്തി ഫെയര്‍ ഗ്രൗണ്ടില്‍ കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്.

ഏകദേശം 50 ലക്ഷത്തോളം തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ കൈത്തറി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് മേള സഹായകരമാകുന്നു. കേരളത്തിലെ 25000 തൊഴിലാളികളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ആകര്‍ഷകമായ രീതിയില്‍ അവരിപ്പിച്ച് ഉല്‍പ്പന്നങ്ങളുടെ മൂല്യം ഉപഭോക്താക്കള്‍ക്ക് മനസിലാക്കി കൊടുക്കുന്നതിനും പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നതിന് മേള സഹായകരമായിരിക്കും. ഹാന്‍ടെക്സ്, ഹാന്‍വീവ് ഉള്‍പ്പെടെ സംസ്ഥാനത്ത് 40 ഓളം കൈത്തറി സംഘങ്ങളും അന്യ സംസ്ഥാനത്തു നിന്നുള്ള 26 സംഘങ്ങളും ഈ മേളയില്‍ ഒരുക്കിയിരിക്കുന്ന 64 സ്റ്റാളുകളിലായി അണിനിരക്കും.

Share this Article

Leave a Comment