പോക്സ് കേസില്‍ ഇരയായ കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും കോടതി വിധികളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍, കോടതികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട സമൂഹം അറിയുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബാലാവകാശ സംരക്ഷണ കമ്മീഷന് മുന്‍കൈ എടുക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മനു പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പോക്സോ ആക്ട് സംസ്ഥാനതല കര്‍ത്തവ്യവാഹകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. ഇരയായ കുട്ടികളോട് പെരുമാറുന്നതും പുനരധിവസിപ്പിക്കുന്നതും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഇതുവരെ നടപടിയായിട്ടില്ല. കുട്ടികള്‍ക്കിടയില്‍ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം നേരത്തെ തന്നെ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യക്തതയും ഫലപ്രാപ്തിയും കാണാനുള്ള ശ്രമങ്ങള്‍ ബാലാവകാശ കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ കടന്നു പോകുന്ന മാനസികാവസ്ഥ കഠിനമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ. വി. മനോജ്കുമാര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഇരകളിലും അവരുടെ കുടുംബങ്ങളിലും വലിയ ആഘാതം ഉണ്ടാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അഡ്വ. ജോണ്‍ എസ്. റാല്‍ഫ് മുഖ്യപ്രഭാഷണം നടത്തി. കമ്മീഷന് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കര്‍ത്തവ്യവാഹകര്‍ എന്നിവര്‍ സംബന്ധിച്ചു.