ഡല്‍ഹി: ഹരിയാനയിലും ജമ്മു കശ്മീരിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കശ്മീരില്‍ ബിജെപി തോല്‍ക്കുമെന്നും ഹരിയാനയില്‍ വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍വരുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകളാണുള്ളത്. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായും ഹരിയാനയില്‍ ഒറ്റ ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്.
ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്‌സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഫലം മറിച്ചായിരിക്കുമെന്നാണ് ബിജെപി മുന്നണി നേതാക്കള്‍ പറയുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്.