കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കു നേരെ സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനം. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ നവീന്‍ ബാബുവിനെ പി പി ദിവ്യ പരസ്യമായി വിമര്‍ശിച്ചിരുന്നു. വിളിക്കാത്ത പരിപാടിക്ക് എത്തി നവീന്‍ ബാബുവിനെ കടുത്ത രീതിയിലാണ് പിപി ദിവ്യ വിമര്‍ശിച്ചത്.
ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് താമസസ്ഥലത്ത് നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ മരണത്തിന് കാരണം പിപി ദിവ്യയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിക്കുന്നതിനിടെയാണ്, സോഷ്യല്‍മീഡിയയിലും വിമര്‍ശനങ്ങള്‍ നിറയുന്നത്.
‘വിളിക്കാത്ത പരിപാടിക്ക് കയറി ചെന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥനെ ഇത്രയധികം അപമാനിച്ചു ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ഇവര്‍ കേരളത്തിന് അപമാനം, പൊതു രാഷ്ട്രീയ രംഗത്തിന് അപമാനം, സിപിഐഎം എന്ന പാര്‍ട്ടിക്ക് അപമാനം…, ചേച്ചിക്ക് സന്തോഷമായോ ഒരു ജീവന്‍ എടുത്തപ്പോള്‍ തുടങ്ങി നിരവധി കമന്റുകളാണ് ദിവ്യയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.