ലഖ്‌നൗ: ദുര്‍മന്ത്രവാദത്തിനായി നാല് വയസുകാരിയെ ബലി നല്‍കിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ആള്‍ദൈവവും കുട്ടിയുടെ ബന്ധുവായ സ്ത്രീയുമാണ് പിടിയിലായത്. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്. സാവിത്രിയും മന്ത്രവാദിയായ ഗംഗാ റാം എന്നയാളും ചേര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഐശ്വര്യത്തിനും ധനസമൃദ്ധിക്കും വേണ്ടിയാണ് കുട്ടിയെ ബലി നല്‍കിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
ശനിയാഴ്ച ശികര്‍പൂര്‍ ചൗധരി ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് മിസ്റ്റി എന്ന പെണ്‍കുട്ടിയെ കാണാതാവുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ ബന്ധുവായ സാവിത്രി അസ്വാഭാവികമായി പെരുമാറിയത്. വീട്ടിലേക്ക് കുട്ടിയുടെ മാതാപിതാക്കളെ പോലും കടത്തിവിടാത്ത സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് സാവിത്രിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. അപ്പോഴാണ് കുഴല്‍ കിണറിന് സമീപത്ത് ചാക്കില്‍കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.