Newsperseconds.com

ചൈനയില്‍ റെക്കോര്‍ഡുകള്‍ മറികടന്ന് വിജയ് സേതുപതി ചിത്രം;’മഹാരാജ’ നൂറ് കോടി ക്ലബിലേക്ക്

Maharaja

2024 നവംബര്‍ 29-ന് ചൈനയില്‍ റിലീസ് ചെയ്ത തമിഴ് സസ്‌പെന്‍സ് സിനിമ ‘മഹാരാജ’ വന്‍ വിജയം നേടി മുന്നേറുന്നു. വിജയ് സേതുപതി നായകനായ സിനിമ ചൈനയില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. ഇപ്പോള്‍ ചിത്രം 100 കോടിയിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിതിലന്‍ സാമിനാഥനാണ് നിര്‍വഹിച്ചത്.

വിജയ് സേതുപതിയുടെ അമ്പതാം ചിത്രമെന്ന പ്രത്യേകതയും മഹാരാജക്കുണ്ട്. നയതന്ത്ര നീക്കത്തിലൂടെ കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ (യഥാര്‍ത്ഥ നിയന്ത്രണ രേഖ) തര്‍ക്കം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം ചൈനയില്‍ റിലീസായ ആദ്യ ഇന്ത്യന്‍ ചിത്രവും മഹാരാജയാണ്. സിനിമ ഈ സമയത്തിനുള്ളില്‍ 91.55 കോടി രൂപ നേടിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമായി മഹാരാജ മാറിക്കഴിഞ്ഞു.

ആദ്യദിനത്തില്‍ ചൈനയില്‍ 4.60 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. എന്നാല്‍ രണ്ടാം ദിനം ആയപ്പോഴേക്കും ഈ കളക്ഷന്‍ 9.30 കോടിയായി ഉയര്‍ന്നു. ജൂണ്‍ 18 നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയത്. തായ് വാനിലെ ടോപ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയും 6 ആഴ്ച തുടര്‍ച്ചയായി ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.

Share this Article

Leave a Comment