തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ കലയുടെ നാല് രാപ്പകലുകള്‍ തീര്‍ത്ത കലാമാമാങ്കത്തില്‍ കപ്പുയര്‍ത്തി തൃശ്ശൂര്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒരു പോയന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് കപ്പ് നഷ്ടമായത്. കാല്‍നൂറ്റാണ്ടിന് ശേഷമാണ് തൃശ്ശൂര്‍ കപ്പ് സ്വന്തമാക്കുന്നത്. പാലക്കാടും തൃശ്ശൂരും അവസാനനിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒരു പോയന്റ് വ്യത്യാസത്തില്‍ കണ്മുമ്പില് കപ്പ് നഷ്ടപ്പെട്ട പാലക്കാട് കണ്ണീരണിഞ്ഞാണ് അനന്തപുരിയില്‍ നിന്ന് യാത്രയാകുന്നത്. തുടക്കം മുതല്‍ തേരോട്ടം നടത്തിയ കണ്ണൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ജനുവരി 4 മുതല്‍ തലസ്ഥാന നഗരിയില്‍ ആരംഭിച്ച സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും.
തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. 26 വര്‍ഷത്തിന് ശേഷമാണ് കലാകിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂര്‍ മുന്‍പ് കപ്പ് ഉയര്‍ത്തിയത്. തുടക്കം മുതല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിപ്പോന്നിരുന്ന കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു. ആയിരം പോയിന്റുമായി കോഴിക്കോടാണ് നാലാം സ്ഥാനത്ത്. എറണാകുളം (980), മലപ്പുറം (980), കൊല്ലം (964), തിരുവനന്തപുരം (957), ആലപ്പുഴ (953), കോട്ടയം (924), കാസര്‍ഗോഡ് (913), വയനാട് (895), പത്തനംതിട്ട (848), ഇടുക്കി (817) എന്നിങ്ങനെയാണ് പോയിന്റ് നില. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും. ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.