Newsperseconds.com

കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി

Election Kerala

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ആറേകാലോടെ മോക് പോളിങ്ങ് നടത്തി. തുടർന്നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മുതൽ തന്നെ വോട്ടു ചെയ്യാനായി പോളിങ് ബൂത്തുകളിൽ നീണ്ട നിരയുണ്ട്. പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലെത്തും. 883 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.
കേരളത്തിൽ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. വോട്ടെടുപ്പിനായി 30495 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. ഇവയിൽ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്.
ഇതിൽ പ്രശ്നബാധിത ബൂത്തുകള്‍ 2040 ആണ്. വോട്ടെടുപ്പിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോളിങ് കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 76000ത്തിലധികം പോലീസുകാര്‍ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിക്കും. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേത്യത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.
പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി തുടർഭരണം പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. എന്നാൽ, സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം അനുകൂലമാകുമെന്നും ഭരണമാറ്റം ഉണ്ടാകുമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. വീണ്ടും അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ മുന്നണി.

Share this Article

Leave a Comment