ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സീറോഅവറില്‍ വന്‍ സുരക്ഷാവീഴ്ച. സ്മോക്ക് സ്പ്രേ പ്രയോഗിച്ച് സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ട് പേര് ലോക്സഭാ ചേമ്പറിലേക്ക് ചാടി. തുടര്‍ന്ന് എം പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേല്‍ നിന്നുകൊണ്ട് മുദ്രാവാക്യം വിളിക്കുകയും ഷൂസിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്മോക്ക് സ്പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. ശേഷം പാര്‍ലമെന്റില്‍ പരിഭ്രാന്തി ഉയര്‍ന്നു. എംപിമാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് ഇരുവരെയും കീഴടക്കിയത്.
ഹൗസിന്റെ സിസിടിവി സംവിധാനത്തില്‍ നിന്നുള്ള അവിശ്വസനീയമായ ദൃശ്യങ്ങളില്‍ കടും നീല ഷര്‍ട്ട് ധരിച്ച ഒരാള്‍ പിടിക്കപ്പെടാതിരിക്കാന്‍ ഡെസ്കുകള്‍ക്ക് മുകളിലൂടെ ചാടുന്നതും രണ്ടാമത്തെ ആള് സന്ദര്‍ശകരുടെ ഗാലറിയില്‍ പുക ചീറ്റുന്നതും വ്യക്തമാണ്. രണ്ട് പുരുഷന്മാരെ ലോക്സഭയ്ക്കുള്ളില്‍ നിന്നും കൂടാതെ, ഒരു സ്ത്രീയെയും ഒരു പുരുഷനെയും പുറത്ത് നിന്നും പിടികൂടി.
സംഘര്‍ഷത്തിന് ശേഷം സന്ദര്‍ശക പാസ് കണ്ടെടുത്തതായും അത് നല്‍കിയത് ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസാണെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി എംപി ഡാനിഷ് അലി പറഞ്ഞു. എന്നിരുന്നാലും, ഏത് എംപിയുടെ ഓഫീസ് പാസ് നല്കിയാലും പാര്‍ലമെന്റിനുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഏതൊരു സന്ദര്‍ശകനും അഞ്ച് തലത്തിലുള്ള സുരക്ഷ ഉറപ്പാക്കണം.
സന്ദര്‍ശക ഗാലറിയില്‍ നിന്ന് ആരോ താഴെ വീണതാണെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം പറഞ്ഞു. രണ്ടാമത്തേയാള്‍ ചാടിയശേഷമാണ് കാര്യം മനസ്സിലായത്. വാതകം വിഷലിപ്തമായിരിക്കാമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.