കോഴിക്കോട്: ഭൂമിതര്‍ക്ക കേസില്‍ ബന്ധമില്ലാത്തയാളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സി. മാമുക്കോയയ്ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ മാമുക്കോയയുടെ ചെവിക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പിന്നീട് മാമുക്കോയക്ക് കേസില്‍ ബന്ധമില്ലെന്ന് അറിഞ്ഞ പോലീസ് വിട്ടയക്കുകയായിരുന്നു. മാമുക്കോയയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളേജ് എസി പി യുടെ നേതൃത്വത്തിലാണ് മര്‍ദ്ദനമുണ്ടായത്. കുറ്റിക്കാട്ടൂര്‍ യത്തീംഖാനയുടെ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ടാണ് പോലീസ് മാമുക്കോയയെ കസ്റ്റഡിയിലെടുത്തത്. യത്തീം ഖാനയില്‍ സ്ഥിരമായി കോഴി വിതരണം ചെയ്യുന്നത് മാമുക്കോയയാണ്. മാമുക്കോയ ഇറച്ചി വിതരണത്തിന് എത്തിയതായിരുന്നു. ഈ സമയം അകാരണമായി പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയായിരുന്നവെന്ന് മാമുക്കോയ പറയുന്നു. പോലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.