ഗൂഗിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു. ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ് വെയര്‍, എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ നിന്നായി നൂറിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കാനാണ് മാറ്റം കൊണ്ടുവരുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം.
വോയ്‌സ് അടിസ്ഥാനമാക്കിയുള്ള ഗൂഗിള്‍ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാലിറ്റി ഹാര്‍ഡ് വെയര്‍ എന്നി വിഭാഗങ്ങളിലാണ് പ്രധാനമായി പിരിച്ചുവിടല്‍ നടക്കാന്‍ പോകുന്നത്. സെന്‍ട്രല്‍ എന്‍ജിനീയറിങ് വിഭാഗത്തിലും ജീവനക്കാരെ ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഗൂഗിളില്‍ ഒഴിവുവരുന്ന മറ്റിടങ്ങളിലേക്ക് അപേക്ഷിക്കുന്നതിന് ജീവനക്കാര്‍ക്ക് അവസരമുണ്ടെന്നും കമ്പനി അറിയിച്ചു. അതിനിടെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി ആല്‍ഫാബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ രംഗത്തുവന്നു. കമ്പനിക്ക് കോടികള്‍ ലാഭം ഉണ്ടാക്കാന്‍ പ്രയത്‌നിക്കുന്ന ജീവനക്കാരെ ഒഴിവാക്കാന്‍ കമ്പനിയെ അനുവദിക്കില്ല. ജോലി സുരക്ഷിതത്വം ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും വര്‍ക്കേഴ്‌സ് യൂണിയന്‍ വ്യക്തമാക്കി.