ഒരുപാട് പ്രതീക്ഷകളോടെ ഇന്ത്യയില്‍ അവതരിപ്പിച്ചൊരു വാഹനമാണ് എസ് യുവി മാരുതി സുസുക്കി ജിംനി. വണ്ടിയുടെ വലിപ്പമാണോ അതോ വിലയാണോ വാഹനം ക്ലിക്കാവാതിരിക്കാന്‍ കാരണമായതെന്ന് ചോദിച്ചാല്‍ അറിയില്ല. ആവശ്യക്കാര്‍ ഉണ്ടെന്ന് മനസ്സിലാക്കി തന്നെയാണ് ജിപ്സിയുടെ പിന്‍ഗാമിയായ ജിംനിയെ മാരുതി കൊണ്ട് വന്നത്. വിദേശത്ത് 3-ഡോര്‍ പതിപ്പില്‍ മാത്രം പുറത്തിറക്കിയിരുന്ന കമ്പനി നമ്മുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍ 5-ഡോറാക്കി എസ്യുവിയെ കൂടുതല്‍ പ്രായോഗികമാക്കുകയും ചെയ്തു.
എന്നിട്ടും ജിംനിയെ സ്വീകരിക്കാന്‍ വണ്ടിഭ്രാന്തന്‍മാരായ ഇന്ത്യക്കാര്‍ തയാറാവാതെ പോയത് ശരിക്കും നിരാശപ്പെടുത്തുന്ന കാര്യമാണ്. അതേ സമയം, ജിംനിയെകുറിച്ച് റിവ്യൂ പറഞ്ഞവരെല്ലാം കളിയാക്കി കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ ചെയ്തത്. എന്നാല്‍ മലയാള സിനിമാക്കാര്‍ക്കിടയില്‍ ഏറെ ഫാന്‍സുള്ള വാഹനമായി മാറാന്‍ മോഡലിനായിട്ടുണ്ട്. ഒതുക്കമുള്ള രൂപവും സിറ്റി സാഹചര്യങ്ങളില്‍ എളുപ്പത്തില്‍ കൊണ്ടുനടക്കാനാവുന്നതുമെല്ലാം ജംനിയുടെ കരുത്താണ്.
എന്നാല്‍ മാരുതി സുസുക്കിയുടെ മറ്റ് വാഹനങ്ങളെ പോലെ സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ജിംനിക്കാവാതെ പോയി. ഇന്ത്യയില്‍ വണ്ടിപ്രാന്തന്മാര്‍ക്ക് ഇടയില്‍ തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി വാഹനമിറക്കിയത്. ഇപ്പോള്‍ എങ്ങനെയും വില്‍പ്പന പിടിക്കാനുള്ള ശ്രമമാണ് ബ്രാന്‍ഡ് നോക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏതാനും മാസങ്ങളായി കിടിലന്‍ ഓഫറുകളാണ് ഓഫ്-റോഡര്‍ എസ്യുവിയില്‍ അവതരിപ്പിച്ചിട്ടുകൊണ്ടിരിക്കുന്നത്. ജൂലൈ മാസത്തേക്കായി ഇതുവരെ കിട്ടാത്തൊരു ആനുകൂല്യമാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ജിംനിയുടെ വിലയിലുണ്ടാവുന്ന കുറവ് ആളുകളെ മാരുതി ഷോറൂമുകളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്. നേരത്തത്തെ പോലെ ചെറിയ ഓഫര്‍ ഒന്നുമല്ല. ഇത്തവണ 3.30 ലക്ഷം രൂപയാണ് ജിംനിക്ക് ഡിസ്‌കൗണ്ടിട്ടിരിക്കുന്നത്. 2023 ജൂലൈയില്‍ 3,778 യൂണിറ്റായിരുന്നു വില്‍പ്പനയെങ്കില്‍ ഒരു വര്‍ഷം തികയുന്നതിനു മുമ്പ് വില്‍പ്പന കുത്തനെ കുറഞ്ഞു. പോയ 2024 മെയ് മാസം എസ്യുവിയുടെ വെറും 274 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് നിരത്തിലെത്തിക്കാനായത്. ഇതില്‍ നിന്നും കരകയറാനാണ് 3.30 ലക്ഷത്തിന്റെ പുത്തന്‍ ഓഫര്‍ മാരുതി ഇറക്കിയിരിക്കുന്നത്.
ഫിനാന്‍സ് സേവനങ്ങള്‍ക്കൊപ്പം ക്യാഷ് ഡിസ്‌കൗണ്ടുകളും അധിക കിഴിവുകളും ചേര്‍ന്നതാണ് ആനുകൂല്യം എന്നും കമ്പനി പ്രത്യേകം ഓര്‍മിപ്പിക്കുന്നുണ്ട്. ജിംനിയുടെ സീറ്റ, ആല്‍ഫ എന്നീ രണ്ട് വേരിയന്റുകളിലാണ് ലഭിക്കുക എന്നത് പ്രത്യേകം ഓര്‍മിക്കണേ. ബേസ് സീറ്റ ട്രിമ്മിന് 1.75 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും ടോപ്പ്-സ്‌പെക്ക് ആല്‍ഫയില്‍ 1.85 ലക്ഷം രൂപയുമാണ് ക്യാഷ് ഡിസ്‌കൗണ്ട്. ഇതുകൂടാതെ മാരുതി സുസുക്കി ഫിനാന്‍സ് സേവനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജിംനി വാങ്ങുന്നവര്‍ക്ക് 1.50 ലക്ഷം രൂപയുടെ അധിക ആനുകൂല്യങ്ങളും ലഭിക്കും. അങ്ങനെയാണ് മൊത്തം 3.30 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താനാവുക. ഇനി ഡീലര്‍ഷിപ്പ് അനുസരിച്ച് കൂടുതല്‍ ആനുകൂല്യങ്ങളും ലഭിച്ചേക്കാം. പക്ഷേ ജൂലൈ 15 വരെയാണ് ജിംനിയില്‍ ഈ കിടിലന്‍ ഡിസ്‌കൗണ്ട് ഓഫര്‍ ലഭിക്കുകയുള്ളൂവെന്ന് മാത്രം. ഇതിനു ശേഷം നീട്ടുമോ എന്ന കാര്യത്തില്‍ ഡീലര്‍ഷിപ്പ് സൂചനയൊന്നും നല്‍കിയിട്ടില്ല.