മഞ്ഞുമ്മല്‍ ബോയ്സ് ബോക്സ് ഓഫീസില്‍ വിജയകരമായ ഓട്ടം തുടരുമ്പോള്‍ കേരളത്തിന് അകത്തും പുറത്തും സിനിമ ചര്‍ച്ചയാവുകയാണ്. സിനിമ കണ്ടതിനു ശേഷം തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഗുണ സംവിധായകന്‍ സന്താന ഭാരതി. മഞ്ഞുമ്മല്‍ ബോയ്‌സ് തന്റെ കണ്ണുകളെ കണ്ണീരിലാഴ്ത്തിയെന്നും, ഗുണ ഇത്ര അപകടകരമായ സ്ഥലമാണെന്ന് സിനിമ കാണുന്നതുവരെ തനിക്ക് മനസ്സിലായില്ലെന്നും ഭാരതി പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഗുണയിലെ പാട്ട് വന്നപ്പോള്‍ തിയേറ്റര്‍ മുഴുവന്‍ കൈയ്യടി കിട്ടിയെന്നും തനിക്ക് രോമാഞ്ചമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
അവധിക്കാലത്ത് ഒരു കൂട്ടം സുഹൃത്തുക്കള്‍ ഗുണ കേവിലേക്ക് പോകുകയും അവിടെ കുടുങ്ങിപ്പോകുകയും ചെയ്യുന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കമല്‍ഹാസനും റോഷിനിയും അഭിനയിച്ച ഗുഹയും ‘കണ്‍മണി അന്‍പോട്’ എന്ന ഗാനവും ഉള്‍പ്പെടെ നിരവധി പരാമര്‍ശങ്ങള്‍ ഈ സര്‍വൈവല്‍ ത്രില്ലറിലുണ്ട്. 34 വര്‍ഷത്തിന് ശേഷം മറ്റൊരു ചിത്രത്തിലൂടെ വരുന്ന അതിന്റെ റെഫറന്‍സിന് ഇത്രയും കൈയടി കിട്ടുമ്പോള്‍ ആ സിനിമയുടെ മൂല്യം ഒന്ന് ആലോചിച്ച് നോക്കൂ.., സന്താനഭാരതി പറഞ്ഞു.
നേരത്തെ കമല്‍ഹാസന്‍ ചെന്നൈയിലെ ഓഫീസില്‍ വച്ച് മഞ്ജുമ്മല്‍ ബോയ്സിന്റെ പിന്നിലെ ടീമിനെ കണ്ടിരുന്നു. കേരളത്തിലെ പോലെ തന്നെ മികച്ച പ്രതികരണങ്ങളാണ് തമിഴ്നാട്ടില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. തമിഴ് നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 2018 എന്ന ടൊവിനോ ചിത്രത്തെ പിന്നിലാക്കി ആ റെക്കോര്‍ഡ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് കോടി രൂപയിലധികമാണ് ചിത്രം തമിഴ് നാട്ടില്‍ സ്വന്തമാക്കിയത്. ഫെബ്രുവരി 22 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.