കളമശ്ശേരിയില്‍ നടന്നത് ഉഗ്രസ്‌ഫോടനമെന്നും വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി. കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ച് പേരുടെ നില ഗുരുതരമാവുകയും ചെയ്തതോടെ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയായിരുന്നു സ്ഫോടനം. വ്യത്യസ്തമായ മൂന്ന് സ്ഫോടനങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ വിവരിക്കുന്നു. ഒന്നിലധികം പൊട്ടിതെറികള്‍ ഉണ്ടായെന്നും തുടരെ തുടരെ സ്‌ഫോടനം നടന്നതായും കണ്ടു നിന്നവര്‍ പറയുന്നു. രാവിലെ 9:30 ഓടെ യാണ് പൊട്ടിത്തെറി ഉണ്ടായത്. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കണ്‍വെന്‍ഷന്‍ സെന്ററിന്റെ അകത്താണ് സ്‌ഫോടനം നടന്നത്. എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് അജ്ഞാതമായി തുടരുകയാണ്. 2000 ലധികം പേരുകള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. മൂന്ന് ദിവസമായി തുടരുന്ന പ്രാര്‍ഥന ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.