Newsperseconds.com

101-ാം പിറന്നാള്‍ നിറവില്‍ വിഎസ് അച്യുതാനന്ദന്‍; സമരയൗവനത്തിന് ജന്മദിനാഭിവാദ്യങ്ങള്‍ നേര്‍ന്ന് കേരളം

Untitled 1

കേരളത്തിന്റെ വിപ്ലവ സൂര്യന്‍ വിഎസ് അച്യുതാനന്ദന് ഇന്ന് 101 -ാം പിറന്നാള്‍. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൊതുരംഗത്ത് നിന്ന് വിഎസ് മാറിനില്‍ക്കുന്നെങ്കിലും ജനമനസ്സില്‍ വിഎസ്സ് ഒരു വികാരമാണ്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20-ന് ജനിച്ച വിഎസ് നല്ല കരുത്തുറ്റ പോരാളിയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങള്‍ കൂടിയാണ്. വിഎസ് പിന്നിട്ട സമരവഴികളും ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനങ്ങളും അനന്യമാണ്.

2019മുതല്‍ വിശ്രമ ജീവിതം നയിക്കുകയാണ് വിഎസ്. 4 വര്‍ഷം മുന്‍പ് ഉണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്നാണ് വിഎസ് വിശ്രമ ജീവിതത്തിലേക്ക് ഒതുങ്ങിയത്. എന്നാല്‍ ചുറ്റും നടക്കുന്നതെല്ലാം അറിയുന്നുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. രാവിലെ ഒരുമണിക്കൂറോളം പത്രം വായിച്ചു കേള്‍പ്പിക്കും. വൈകിട്ട് ടിവിയില്‍ വാര്‍ത്തയും കേള്‍ക്കും. ഡോക്ടറുടെ നിര്‍ദ്ദേശമുള്ളതിനാല്‍ സന്ദര്‍ശക വിലക്കുണ്ട്. എല്ലാ പിറന്നാളിനും പായസം നല്‍കുന്ന പതിവുണ്ട്. ഇത്തവണ ലളിതമായ രീതിയില്‍ കുടുംബാഗങ്ങള്‍ മാത്രം പങ്കെടുത്തായിരിക്കും കേക്ക് മുറിക്കുകയെന്നും മകന്‍ പറഞ്ഞു.

അച്യുതാനന്ദനില്‍ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദന്‍ വളര്‍ന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കായിരുന്നു. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവില്‍ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടര്‍ന്ന് ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി. പിന്നീട് നാലു വര്‍ഷക്കാലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു.

1952ല്‍ വി.എസ്.അച്യുതാനന്ദന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അംഗമായ വി.എസ് 1956-ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഖിലേന്ത്യാടിസ്ഥാനത്തില്‍ രണ്ടായി പിളര്‍ന്നതോടെ സി.പി.എം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതല്‍ 1970 വരെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് വഴിവച്ച 1964-ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴു നേതാക്കളില്‍ ഒരാളാണ് വിഎസ്. രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവര്‍ഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ ചരിത്രത്തിന്റെ ഭാഗമാണ്. പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിര്‍ണായകമായ ഈ സമരത്തില്‍ പ്രധാനികളിലൊരാളാണ് വി. എസ്.

സമരമുഖങ്ങളില്‍ വിപ്ലവ വീര്യം പകര്‍ന്നു നല്‍കിയ കേരളത്തിന്റെ വിപ്ലവ സൂര്യന്‍ വിഎസ് അച്യുതാനന്ദന് 101-ാം പിറന്നാള്‍ ആശംസകള്‍.

 

Share this Article

Leave a Comment