കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന് ജയസൂര്യയ്ക്ക് നോട്ടീസ്. പതിനഞ്ചാം തീയതി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനു മുന്‍പാകെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ്. ആലുവ സ്വദേശിനിയായ നടി നല്കിയ പരാതിയിലാണ് നടപടി.
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ പിറകിലൂടെ കടന്നുപിടിച്ചു് ചുണ്ടില്‍ ചുംബിച്ചുവെന്നായിരുന്നു പരാതി. പിന്നാലെ തിരുവനന്തപുരത്തെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചതായും നടിയുടെ പരാതിയിലുണ്ട്.
ആരോപണങ്ങള്‍ വ്യാജമാണെന്ന് ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ജയസൂര്യ പ്രതികരിച്ചിരുന്നു. പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും. അന്തിമ വിജയം സത്യത്തിന് ആയിരിക്കുമെന്നത് സുനിശ്ചിതമാണ്. നിരപരാധിത്വം തെളിയാന്‍ നിയമപോരാട്ടം തുടരുമെന്നും അന്ന് ജയസൂര്യ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.