Newsperseconds.com

കാറുകളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്; ഏപ്രില്‍ ഒന്നിന് പ്രാബല്യം

Tata motors

കാറുകളുടെ വില വര്‍ധിപ്പിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഏപ്രില്‍ ഒന്നിന് പുതിയ വില പ്രാബല്യത്തില്‍ വരും. ചെലവ് വര്‍ധിച്ച പശ്ചാത്തലത്തിലാണ് കാറുകളുടെ വില പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു.
പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങളുടെ നിരയിലുടനീളമുള്ള ശരാശരി വില വര്‍ധന ഏകദേശം 0.5 ശതമാനം ആയിരിക്കും. എന്നിരുന്നാലും, മോഡലും വേരിയന്റും അനുസരിച്ച് വിലയില്‍ വ്യത്യാസം വരാം. ടാറ്റ മോട്ടോഴ്സ് നിലവില്‍ ഇന്ത്യയില്‍ ഹാച്ച്ബാക്കുകള്‍, എസ്യുവികള്‍, സെഡാനുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പാസഞ്ചര്‍ വാഹനങ്ങളാണ് വില്‍ക്കുന്നത്. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവയാണ് ഐസിഇ (internal combustion engine) നിരയിലെ ജനപ്രിയ മോഡലുകള്‍.
അസംസ്‌കൃത വസ്തുക്കളുടെയും പ്രവര്‍ത്തന ചെലവിന്റെയും വര്‍ധനയുടെ ആഘാതം കൈകാര്യം ചെയ്യുന്നതിന് വില പരിഷ്‌ക്കരണം ആവശ്യമാണെന്ന് കമ്പനി പറഞ്ഞു. ടാറ്റയുടെ വാഹനം വാങ്ങാന്‍ പദ്ധതിയിടുന്ന ഉപഭോക്താക്കള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പുതിയ വില പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് അവരുടെ ബുക്കിങ് പൂര്‍ത്തിയാക്കാവുന്നതാണ്.

Share this Article

Leave a Comment