കെനിയയിലുടനീളം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശം വിതച്ചതായി കെനിയ റെഡ് ക്രോസ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികള്‍ ദുരന്ത തലത്തിലേക്ക് നീങ്ങി. കനത്തമഴയില്‍ 38 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഒരു ലക്ഷത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെനിയയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ നാശം വിതച്ചിട്ടുണ്ട്. വീടുകള്‍ എല്ലാം വെള്ളത്തിനടിയിലായി. വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.

കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ റോഡുകള്‍ അടച്ചു. നെയ്റോബിയില്‍ കനത്ത മഴ തുടരുകയാണ്. ഒറ്റപ്പെട്ടുപോയ 18 പേരെ രക്ഷിച്ചതായി കെനിയ റെഡ് ക്രോസ് സൊസൈറ്റി വ്യക്തമാക്കി. പ്രധാന ഹൈവേകളില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏകദേശം 60,000 ആളുകളെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് വിവരം. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.