തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം 2024 ജനുവരി 25-ാം തീയതി ആരംഭിക്കും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ പത്താം സമ്മേളനം തുടങ്ങുക. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ ചേരും. ആകെ 32 ദിവസം ആയിരിക്കും ചേരുക.
ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കായി മാറ്റി വച്ചിരിക്കുന്നു. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും.
അതേ സമയം, ഫെബ്രുവരി 6 മുതല്‍ 11 വരെയുള്ള തീയതികളില്‍ സഭ ഉണ്ടാവില്ല. തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി യോഗം ചേരും.