തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മദ്യ വില്പനശാലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജില്ലാ കളക്ടര്‍. ഈ മാസം 24ന് വൈകിട്ട് 6 മണി മുതല്‍ 25 വൈകിട്ട് 6 വരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലുമാണ് നിരോധനം. 24 മണിക്കൂറും മദ്യശാലകള്‍ അടച്ചിടും.
ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 17-നാണ് ആരംഭിക്കുന്നത്. ഉത്സവം 27-ന് സമാപിക്കും. പൊങ്കാല ഇടാനുളള മണ്‍കലങ്ങളും ഇഷ്ടികകളും പ്രധാന കവലകളില്‍ നിരന്നു തുടങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വഴിയോരത്ത് അലങ്കാരങ്ങള്‍ക്കുളള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.