മാനന്തവാടി: പനച്ചിയില്‍ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആനയെ ട്രാക്ക് ചെയ്തതായി വനം വകുപ്പ് അറിയിച്ചു. മണ്ണുണ്ടി കോളനിക്ക് സമീപത്തെ വനത്തിലാണ് നിലവില്‍ ആനയെ ട്രാക്ക് ചെയ്തത്. ദൗത്യ സംഘം സ്ഥലത്തേക്ക് തിരിച്ചതായും ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു.
ബേലൂര്‍ മഖ്നയെ ട്രീ ഹട്ടില്‍ നിന്നാണ് നിരീക്ഷിക്കുക. അതേ സമയം, കര്‍ണാടക വനത്തിലേക്ക് ആന കടക്കാതിരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇന്നലെ 13 ടീമുകളുടെ ജാഗ്രതയില്‍ ആന ജനവാസ മേഖലയില്‍ എത്തിയില്ല. 300 മീറ്ററിനുള്ളില്‍ ആനയുടെ സിഗ്‌നല്‍ ലഭിക്കും. മയക്കുവെടി വെച്ചതിനു ശേഷം ആനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
ജനവാസ മേഖലയില്‍ കയറി ഒരു ജീവനെടുത്ത ആനയ്ക്കെതിരെ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മയക്കുവെടി വെക്കുന്നതിനുള്ള ദൗത്യം ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ വനംവകുപ്പ് അവസാനിപ്പിച്ചതായിരുന്നു. ഇന്ന് രാവിലെ വീണ്ടും തുടങ്ങുകയായിരുന്നു.