കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയനെയും കുടുംബത്തേയും അകത്താക്കുമെന്ന് വെല്ലുവിളിച്ച് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ അകത്താക്കുമെന്നും അതിനുള്ള തെളിവുകള്‍ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഴക്കമ്പലത്തു നടന്ന പാര്‍ട്ടി മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണാവിജയനെ അകത്താക്കാനുള്ള തെളിവുകള്‍ സ്വപ്നയുടെ കൈയിലെ ബോംബ് പോലെയല്ല, ഇത് സാബു ജേക്കബിന്റെ കയ്യിലിരിക്കുന്ന ആറ്റംബോംബാണെന്നും അദ്ദേഹം വെല്ലുവിളിച്ചു.
പൂത്തൃക്കയില്‍ പാര്‍ട്ടിയുടെ പരിപാടി തടസ്സപ്പെടുത്താന്‍ എം.എല്‍.എ.യും കൂട്ടരും ഇന്റര്‍നെറ്റ് കട്ട് ചെയ്തു. പല കേസുകളില്‍പ്പെടുത്തി തന്നെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. പി.വി. ശ്രീനിജിന്‍ എം.എല്‍.എ. ചെയ്യുന്ന ദ്രോഹംമൂലം കഴിഞ്ഞ ഒരാഴ്ചയായി പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുകയാണ്. അധികാരമോ പദവിയോ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം മുന്‍പ് വന്നിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്ത് നീക്കുന്ന സാഹചര്യം വന്നാല്‍ മുഖ്യമന്ത്രിയുടെ പൊന്നോമന മകളേയും ഒരാഴ്ച്ചക്കുള്ളില്‍ ഞാന്‍ അകത്ത് കയറ്റുമെന്നാണ് സാബു വെല്ലിവിളിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ട്വന്റി 20 പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ കിഴക്കമ്പലത്ത് വിളിച്ചുചേര്‍ത്ത മഹാസമ്മേളനത്തിലാണ് സാബു ജേക്കബിന്റെ വെല്ലുവിളി. പിണറായി വിജയന്റെ എല്ലാ വിദേശയാത്രക്കും ഞാനും കൂടെ പോയിട്ടുണ്ട്. വിദേശ ചികിത്സയില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന്റെ മൂത്രം വരെ താനാണ് എടുത്തതെന്നും അതിന്റെ നന്ദിയെങ്കിലും പിണറായി വിജയന്‍ കാണിക്കണമെന്നും അദ്ദേഹം പരസ്യമായി കുറ്റപ്പെടുത്തി. 2021-ലെ തെരഞ്ഞെടുപ്പു സമയത്ത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും വന്ന് സീറ്റുകള്‍ ഓഫര്‍ ചെയ്തിട്ടുണ്ട്. മന്ത്രി രാജീവ് ഉള്‍പ്പെടുന്ന സി.പി.എം. നേതാക്കള്‍ അഞ്ചുതവണ എന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിനുള്ള തെളിവുകളും എന്റെ പക്കലുണ്ട്. ഇവരൊക്കെ രാത്രിവന്ന് എന്റെ സഹായം തേടുന്നവരാണ്. വേണമെങ്കില്‍ വീഡിയോ കാണിക്കാം.
ഞാന്‍ സി.പി.എം. ആണെന്ന് പ്രചാരണമുണ്ടായി. കഴിഞ്ഞ ദിവസം സംഘിയാക്കി. ബി.ജെ.പി.ക്കാരന്‍ വന്നുപറഞ്ഞാല്‍ സീറ്റിനുവേണ്ടി ചാടുന്നവനല്ല ഞാന്‍. കെ. സുരേന്ദ്രനെ ഇന്ന് വരെ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ല. തനിക്ക് ബിജെപിയുടേയോ കോണ്‍ഗ്രസിന്റെയോ സിപിഎമ്മിന്റെയോ വോട്ട് കിട്ടാന്‍ യാതൊരു വിധ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ട്വന്റി-20 സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ചാര്‍ളി പോളാണ് സ്ഥാനാര്‍ത്ഥി.