തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മൂന്ന് മിനിറ്റിനുള്ളില്‍ ടിപി വധക്കേസിലെ വിധി പുറത്തുവന്നു. സിപിഎം അംഗങ്ങളുടെ പ്രതിപ്പട്ടികയും ഇരട്ടജീവപര്യന്തവുമെല്ലാം പ്രഖ്യാപിച്ചതോടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം വീണ്ടും ചര്‍ച്ചയായി. ടിപി വധക്കേസിന്റെ വിധിയില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് എം.വി.ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആറ്റിങ്ങല്‍ – വി. ജോയി എം.എല്‍.എ, കൊല്ലം- എം.മുകേഷ് എം.എല്‍.എ, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈന്‍, ഇടുക്കി – ജോയ്‌സ് ജോര്‍ജ്, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂര്‍ – മന്ത്രി കെ.രാധാകൃഷ്ണന്‍, പാലക്കാട് – പി.ബി അംഗം എ.വിജയരാഘവന്‍, മലപ്പുറം – വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂര്‍ – എം.വി.ജയരാജന്‍, കാസര്‍കോട് – എം.വി.ബാലകൃഷ്ണന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഇതോടെ ഇടതു മുന്നണി സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായിരിക്കുകയാണ്.
സിപിഐയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. നാല് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ യുവനേതാവ് സി എ അരുണ്‍ കുമാര്‍, തൃശ്ശൂര്‍ വി എസ് സുനില്‍ കുമാര്‍, വയനാട് ആനി രാജ എന്നിവരാണ് മത്സരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നാലു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.