കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ക്യാമ്പസിനകത്തേക്ക് കയറാന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. കെഎസ്യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഒരുമിച്ചാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
‘കെട്ടിത്തൂക്കി കൊന്നില്ലേ’ എന്ന മുദ്രാവാക്യമാണ് മാര്‍ച്ചില്‍ ഉടനീളം പ്രവര്‍ത്തകര്‍ വിളിച്ചത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ വ്യാപകമായി കല്ലെറിഞ്ഞു. തുടര്‍ന്ന് ഒന്നിലധികം തവണ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതിനിടയില്‍ കുഴഞ്ഞുവീണ പ്രവര്‍ത്തകനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. എംഎസ്എഫ് പ്രവര്‍ത്തകരാണ് ആദ്യം സര്‍വകലാശാലയിലേക്ക് പ്രതിഷേധവുമായെത്തിയത്. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും കുപ്പികളും വലിച്ചെറിഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി.