തൃശൂര്‍: ലൂര്‍ദ് കത്ത്രീഡല്‍ പള്ളിയില്‍ മാതാവിന് നല്‍കിയത് ചെമ്പില്‍ സ്വര്‍ണ്ണം പൂശിയ കിരീടമാണെന്ന വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി. തന്റെ ത്രാണിക്ക് അനുസരിച്ചാണ് കിരീടം നല്‍കിയത്, തന്നെക്കാള്‍ അധികം നല്‍കുന്നവരുണ്ടാകാം. സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കുന്നവര്‍ സഹകരണബാങ്കുകളിലേക്ക് പോകണമെന്നുമാണ് സുരേഷ്‌ഗോപി പ്രതികരിച്ചത്. എന്റെ ആചാരപ്രകാരമാണ് കിരീടം സമര്‍പ്പിച്ചത്. മാതാവ് അത് സ്വീകരിക്കും. വിശ്വാസികള്‍ക്ക് പ്രശ്നമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
500 ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള കിരീടം ചെമ്പില്‍ സ്വര്‍ണ്ണം പൂശിയാണ് നിര്‍മ്മിച്ചതെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം അറിയാന്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പള്ളി വികാരിയെയും ട്രസ്റ്റിയെയും കൈക്കാരന്മാരെയും ചേര്‍ത്തായിരുന്നു കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കും.
കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് കൃത്യമായി പരിശോധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഇല്ലെങ്കില്‍ വരും കാല ഇടവക പ്രതിനിധികള്‍ കിരീടം പരിശോധിക്കുമ്പോള്‍ തെറ്റ്ധാരണ വരാന്‍ സാധ്യതയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാന്‍ ധാരണയായത്.