സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നതിനാല്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി വനംവകുപ്പ്. കാട്ടുതീയുടെ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തി. മാര്‍ച്ച് അവസാനം വരെ ഡ്രോണ്‍ സാങ്കേതിക സഹായത്തോടു കൂടിയുളള നിരീക്ഷണം ഉണ്ടാവും. അഞ്ച് കിലോമീറ്റര്‍ അധികം ദൂര പരിധിയിലുള്ള ഒന്നിലധികം ഡ്രോണുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടക്കുന്നത്.
മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയില്‍ കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലാണ് പരിശോധന. അട്ടപ്പാടി, അഗളി വനം റെയ്ഞ്ചുകളുടെ പരിധിയിലും പരിശോധന നടത്തി. ചൂടു കൂടിയ സാഹചര്യത്തില്‍ വന്യജീവികള്‍ കാടിറങ്ങാന്‍ സാധ്യതയുണ്ടെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വന്യജീവികളുടെ അക്രമണം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയത്.