മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഇന്ന് രണ്ടു മരണം. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി സക്കീര്‍, കാളികാവ് ചോക്കാട് സ്വദേശി ജിഗിന്‍ എന്നിവരാണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു മാസമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടര്‍ന്ന് ചികിത്സയിലാണ്.
ജില്ലയില്‍ രോഗം വ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നാളെ അടിയന്തര യോഗം ചേരും. സഹോദരന്‍ ജിബിനാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. ഇതിനു പിന്നാലെ അച്ഛന്‍ ചന്ദ്രനും രോഗം ബാധിച്ചു. അച്ഛന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി സക്കീര്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. രോഗം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയായിരുന്നു മരണം. ജില്ലയില്‍ മഞ്ഞപ്പിത്തം വലിയതോതില്‍ പടരുകയാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.