കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ ക്രൂരമായ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. രാഹുലിനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പ്രതി വിദേശത്തേക്ക് കടന്നതായി പോലീസിന ്സംശയമുണ്ട്. രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. ബെംഗളുരുവില്‍ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയം. താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് പറയുന്ന രാഹുലിന്റെ ഒരു വീഡിയോ ഇതിനോടകം പുറത്തുവന്നിരുന്നു. അതില്‍ താന്‍ ചെയ്യാത്ത കുറ്റത്തിന് അനുഭവിക്കുകയാണെന്നും മറ്റൊരു നാട്ടില്‍ അലയുകയാണെന്നും രാഹുല്‍ പറയുന്നുണ്ട്.
അതേ സമയം, രാഹുല്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടന്‍ ഛര്‍ദിച്ചതായും വധു പൊലീസിന് മൊഴി നല്‍കിയിരുന്നു. വീട്ടില്‍ രാഹുലിന്റെ അമ്മ ഉഷ കുമാരിയും സുഹൃത്തും ഒപ്പം മദ്യപിക്കാറുണ്ടായിരുന്നു. എന്നാല്‍ രാഹുലിന് ജര്‍മ്മനിയില്‍ ജോലി ഉണ്ടോ എന്നത് സംശയത്തിലാണ് ഇപ്പോള്‍. രാഹുലിന്റെ വീഡിയോയിലും ജോലിയെ കുറിച്ച് പറയുന്നുണ്ട്. തനിക്ക് ജര്‍മ്മനിയില്‍ നല്ല ജോലിയില്ലേ? പിന്നെന്തിനാണ് സ്ത്രീധനം എന്നാണ് പറയുന്നത്. വിദേശ ഏജന്‍സികളുടെ സഹായത്തോടെ വിവരങ്ങള്‍ അന്വേഷിക്കാനാണ് പദ്ധതി. ഇന്റര്‍പോളിന്റെ സഹായവും തേടുന്നുണ്ട്. രാഹുലിന്റെ അമ്മയേയും പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.