Newsperseconds.com

കനത്ത മഴ; തൃശൂരില്‍ അശ്വനി ആശുപത്രിയിലെ ഐസിയുവിലടക്കം അരപ്പൊക്കത്തില്‍ വെള്ളമെത്തി; മൂന്ന് കോടിയുടെ നാശനഷ്ടം; കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയെന്ന് ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍

Untitled 1

തൃശ്ശൂര്‍: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതോടെ തൃശൂര്‍ നഗരം വെള്ളത്തിലായി. മഴ നിര്‍ത്താതെ പെയ്തതോടെ എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. നഗരത്തിലെ അശ്വനി ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ വെള്ളം കയറിയതോടെ പ്രവര്‍ത്തനം മുകള്‍ നിലയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയുടെ കാഷ്വാലിറ്റിയിലും ഐസിയുവിലും വെള്ളം കയറി. ഇന്നലെ വൈകിട്ടോടെ പെയ്ത മഴയില്‍ ഇരച്ചെത്തിയ വെള്ളം അരപൊക്കത്തോളം ഉയര്‍ന്നിരുന്നു.

സമീപദിവസങ്ങളില്‍ കണ്ടതില്‍ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ പെയ്തത്. മൂന്ന് ഭാഗത്ത് നിന്നും വെള്ളം ആശുപത്രിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. കൃത്യമായ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആശുപത്രിയിലും പുറത്തും നടന്നിട്ടില്ലെന്ന് അധികൃതര്‍ ആരോപിച്ചു. കനാലുകളില്‍ മാലിന്യം കൂടി അടഞ്ഞിരിക്കുകയാണ്. കനാലുകളിലും പറമ്പുകളിലും മാലിന്യം അടഞ്ഞുകിടക്കുന്നതിനാല്‍ വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുകയാണ്. പ്രദേശത്ത് കോര്‍പ്പറേഷന്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിനാലണ് ഇത് സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

മൂന്ന് കോടിയുടെ നാശനഷ്ടമാണ് അശ്വനി ഹോസ്പിറ്റലില്‍ ഉണ്ടായത്. രാത്രി പത്ത് മണി വരെ വെള്ളം ആശുപത്രിയുടെ ഉള്ളില്‍ കെട്ടിക്കിടന്നു. ഈ സമയത്ത് അഞ്ച് രോഗികള്‍ ഐസിയുവില്‍ ഉണ്ടായിരുന്നു. വെള്ളം ഇരച്ചെത്തിയതോടെ രോഗികളേയും കൂടാതെ മെഡിക്കല്‍ റെക്കോര്‍ഡ്‌സുമെല്ലാം അധികൃതര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. 2018 ലെ പ്രളയത്തിന് ശേഷം ഇത്രയുമധികം വെള്ളം ആശുപത്രിയില്‍ ഉയരുന്നത് ആദ്യമായിട്ടാണെന്ന് ആശുപത്രി അധികൃതരും നഴ്‌സുമാരും പറഞ്ഞു.

ആശുപത്രിക്ക് മുന്നിലുള്ള ഓടകള്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതാണ് ഇത്തരത്തില്‍ വെള്ളം കയറാനുള്ള സാഹചര്യമുണ്ടായത്. ഇത് നിറഞ്ഞു കവിഞ്ഞ് ആശുപത്രിക്കുള്ളിലേക്ക് കയറുകയായിരുന്നു. ആശുപത്രി അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് ഇവിടെയുള്ള വെള്ളം രാത്രി പത്ത് മണിയോടെ നീക്കം ചെയ്തത്. ആശുപത്രിക്കുള്ളില്‍ ചെളി വന്ന് അടഞ്ഞ് കിടക്കുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. വലിയ ആശങ്കപ്പെടുത്തുന്ന സാഹചര്യം തന്നെയാണ് ഇന്നലെ അശ്വനി ആശുപത്രിയില്‍ ഉണ്ടായത്. തൃശ്ശൂരില്‍ പലയിടത്തും ഇരു ചക്രവാഹനങ്ങള്‍ ഒലിച്ചു പോയി. കാനകളും വലിയ തോടുകളും കോര്‍പറേഷന്‍ വൃത്തിയാക്കാത്തതാണു നഗരത്തെ മുക്കിയത്.

Share this Article

Leave a Comment