തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടത്തി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പൂര്‍ണ്ണമായും നിരോധിച്ചതാണ്. ഈ നിയമമെല്ലാം കാറ്റില്‍ പറത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ 19 ഡോക്ടര്‍മാരും ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് കീഴിലെ 64 ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സ് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്ത് തന്നെ ഡോക്ടര്‍മാര്‍ ക്ലിനിക്ക് നടത്തുന്നതായടക്കം അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് പകരമായി ഡോക്ടര്‍മാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നാലിലൊന്ന് (25%) അധികമായി നോണ്‍ പ്രാക്ടീസ് അലവന്‍സായി അനുവദിക്കുന്നുണ്ട്. ഈ അധിക തുക കൈപ്പറ്റിക്കൊണ്ടാണ് ഒരു വിഭാഗം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയത്.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ പാടുള്ളു. സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് നേഴ്‌സിന്റേയോ, ടെക്‌നീഷ്യന്റെയോ സേവനം പ്രയോജനപ്പെടുത്താന്‍ പാടില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തു പരിശോധിക്കാന്‍ പാടില്ല. ഈ നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെ നടത്തിയ പ്രാക്ടീസുകള്‍ക്കാണ് പൂട്ടു വീഴുന്നത്.