കോഴിക്കോട്: കാപ്പാട് ദുല്‍ഹിജ്ജ മാസപ്പിറ കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജൂണ്‍ 17 ന് തിങ്കളാഴ്ച്ചയെന്ന് ഖാസിമാര്‍ അറിയിച്ചു. കാപ്പാട്, കടലുണ്ടി, പൊന്നാനി, കാസര്‍കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറ കണ്ടിട്ടുണ്ട്. സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം മാസപ്പിറ ദൃശ്യമായതിനാല്‍ ഗള്‍ഫില്‍ ബലിപെരുന്നാള്‍ ജൂണ്‍ 16നാണ്. മാസപ്പിറ കാണാത്തതിനാല്‍ ഒമാനില്‍ മാത്രം ബലിപെരുന്നാള്‍ ജൂണ്‍ 17ന് കേരളത്തോടൊപ്പമായിരിക്കും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുല്ലക്കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, മറ്റു ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണു കേരളത്തില്‍ മാസപ്പിറ വിവരം അറിയിച്ചത്.