തൃശൂര്‍: തൃശൂര്‍ ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസുകാര്‍ തമ്മിലുണ്ടായ കൂട്ടത്തല്ലിനെതിരെ നടപടി. ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസെടുത്തു. ജാമ്യം നല്‍കാവുന്ന വകുപ്പ് പ്രകാരമാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലുണ്ടായ പരാജയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗമാണ് കഴിഞ്ഞ ദിവസം തമ്മിലടി ആയി മാറിയത്. ഡിസിസി സെക്രട്ടറി സജീവന്‍ കുരിച്ചിറയ്ക്ക് മര്‍ദ്ദനമേറ്റതോടെ പ്രതിഷേധത്തിലേക്ക് പോയി. കെ മുരളീധരന്റെ വിശ്വസ്തനാണ് സജീവന്‍ കുരിച്ചിറ. ഡിസിസി പ്രസിഡന്റും കൂട്ടരും മര്‍ദ്ദിച്ചെന്നായിരുന്നു സജീവന്റെ പരാതി. സജീവനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്ത് കൂടുതല്‍ പ്രവര്‍ത്തകരെത്തിയതോടെ രംഗം വഷളായി. ഇതോടെ ഇരുചേരിയായി തിരിഞ്ഞ് പോര്‍വിളിയും സംഘര്‍ഷവുമായി.
അതേസമയം, തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കെ മുരളീധരനും പങ്കുണ്ടെന്ന നിഗമനത്തിലാണ് സംസ്ഥാന നേതൃത്വം. തന്നെ തൃശ്ശൂരില്‍ കുരുതിക്ക് കൊടുത്തതാണെന്ന് മുരളീധരന്‍ പറയുമ്പോഴും പാര്‍ട്ടിനേതൃത്വം അത് അംരീകരിക്കുന്നില്ല. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മുരളീധരന്റെ ഭാഗത്തും ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. മുരളീധരനെ കാലുവാരി തോല്‍പ്പിച്ചതല്ലെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃത്വം.