കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ജെന്‍ എ ഐ കോണ്‍ക്ലേവിന് കൊച്ചിയില്‍ ഇന്ന് തുടക്കമാകും. കൊച്ചി ബോള്‍ഗാട്ടി ലുലു ഗ്രാന്റ് ഹയാത്ത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഐബിഎമ്മുമായി ചേര്‍ന്നാണ് എ ഐ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ രാജ്യത്തെ പ്രധാന ഹബ്ബായി മാറാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഈ പരിപാടി ആക്കം നല്‍കും.
കോണ്‍ക്ലേവിനു മുന്നോടിയായി ഐബിഎം ഇന്ത്യ സീനിയര്‍ ടെക്നിക്കല്‍ സ്റ്റാഫ് അംഗവും നിര്‍മ്മിത ബുദ്ധി സോഫ്റ്റ് വെയര്‍ രംഗത്തെ പ്രഗത്ഭരുമായ ശ്രീനിവാസന്‍ മുത്തുസാമി പങ്കെടുത്ത ടെക് ടോക്കുകള്‍ കേരളത്തിലെ പ്രധാനച്ചെട്ട 3 ഐടി പാര്‍ക്കുകളിലും സംഘടിച്ചിരുന്നു. കോണ്‍ക്ലേവിനോട് അനുബന്ധിച്ച് ഐബിഎം വാട്ട്‌സണ്‍ എക്സ് ചലഞ്ചും സംഘടിപ്പിക്കുന്നുണ്ട്. നിര്‍മ്മിത ബുദ്ധി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 50-ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്ന ചലഞ്ചില്‍ മികച്ച ടീമിന് പുരസ്‌കാരത്തിനു പുറമേ കോണ്‍ക്ലേവില്‍ പങ്കെടുക്കാനും ആഗോള തലത്തില്‍ നിന്ന് വരുന്ന നിക്ഷേപകര്‍ക്ക് മുന്നില്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. ഹാക്കത്തോണിലെ വിജയികള്‍ക്ക് ഒരു കോടി രൂപ വരെ സ്‌കെയില്‍ അപ് ഫണ്ട് ലഭിക്കാനുള്ള അര്‍ഹതയും നേടാന്‍ സാധിക്കും.
പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതുണ്ടാക്കുന്ന സ്വാധീനവും രണ്ടുദിവസത്തെ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി വേണു, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ എം എ യൂസഫലി തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക സെഷനുകള്‍ എന്നിവയാണ് പ്രധാന അജണ്ട. രണ്ടു ദിവസങ്ങളിലായി 17 സെഷനുകളാണ് സമ്മേളനത്തിലുള്ളത്. ജനറേറ്റീവ് എഐ ലോകത്തിന് മുന്നില്‍ വലിയ വളര്‍ച്ച കൈവരിക്കുന്ന ഘട്ടത്തില്‍ കേരളം ഈ മേഖലയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത് രാജ്യത്തിന്റെ ജെന്‍ എ ഐ ഹബ്ബായി മാറുന്നതിന് മുതല്‍ക്കൂട്ടാകും. കേരളത്തെ നിര്‍മ്മിത ബുദ്ധി വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.