നടന് ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ച് വടകര എം പി ഷാഫി പറമ്പില്‍. പൊതുവേദിയില്‍ നടനെ സംഗീതസംവിധായകന് രമേശ് നാരായണന് അപമാനിച്ചതില്‍ സോഷ്യല്‍മീഡിയ കടുത്ത പ്രതിഷേധം തുടരുകയാണ്. സംഭവത്തിനു പിന്നാലെ ആസിഫലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് രംഗത്തെത്തിയത്. ആസിഫ് അലിയെ മലയാളിക്കിഷ്ടമാണ്, അഭിമാനമാണെന്നാണ് ഷാഫി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ആസിഫ് അലിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഷാഫി പറമ്പില്‍ എഫ്ബിയില്‍ പോസ്റ്റിട്ടത്.
കൂടാതെ, സംഭവത്തില്‍ പരോക്ഷപ്രതികരണവുമായി നടനും സംവിധായകനുമായ നാദിര്‍ഷ രംഗത്തെത്തി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നാദിര്‍ഷയുടെ പ്രതികരണം. ‘സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം’ എന്ന് നാദിര്‍ഷ കുറിച്ചു. നിരവധിയാളുകളാണ് പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് എത്തുന്നത്. കൂടാതെ ആസിഫ് അലിക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികള്‍ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ ഒന്നരപ്പതിറ്റാണ്ടായി നിലനില്‍ക്കുന്ന ഒരു നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ റദ്ദ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇല്ലാതെയാകില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അതോടൊപ്പം ഇത്തരമൊരു സംഭവം ഉണ്ടായിട്ടും വേദിയില്‍ പ്രതികരിക്കാതിരുന്നവരെയും രാഹുല്‍ പരിഹസിച്ചു. ഒരു മനുഷ്യന് പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിര്‍ക്കാതെ ആ അല്പത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവര്‍ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ പരിഹാസ പോസ്റ്റ്.