കൊച്ചി: എല്‍എല്‍എം പരീക്ഷയില്‍ മികച്ച വിജയം നേടിയ സന്തോഷം പങ്കുവെച്ച് ബിജെപി നേതാവ് അഡ്വ. പ്രകാശ് ബാബു. കണ്ണൂര്‍ യൂണിവേഴ്സിറ്റി നടത്തിയ എല്‍എല്‍എം ക്രിമിനല്‍ ലോ 2022-24 ബാച്ചിലാണ് അദ്ദേഹം 83 ശതമാനം മാര്‍ക്കോടെ മികച്ച വിജയം സ്വന്തമാക്കിയത്. എന്നാല്‍ ഒന്നാമനായെത്തിയപ്പോള്‍ തന്റെ വിജയം കാണാന്‍ അച്ഛനില്ലെന്നും പഠനവഴികളില്‍ അദ്ദേഹം നല്‍കിയ പിന്തുണയുമെല്ലാം പ്രകാശ് ബാബു ഫേസ്ബുക്കില്‍ പങ്കുവെച്ചു. വികാരനിര്‍ഭര ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഒന്നാം റാങ്ക് നേടിയതിന്റെ സന്തോഷം പങ്കുവെച്ചെഴുതിയ കുറിപ്പ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും പ്രചോദനമാണ്. കടുത്ത പ്രതിസന്ധികളെ മറികടന്നാണ് ഇത്രയും വലിയ വിജയം കരസ്ഥമാക്കിയതെന്നും കുറിപ്പിലൂടെ അദ്ദേഹം പങ്കുവെച്ചു.
ഫേസ്ബുക്ക് കുറിപ്പ്;
ഞാന്‍ നേടി അച്ഛാ….പക്ഷെ കാണാന്‍ നിങ്ങളില്ലല്ലോ…
വര്‍ഷങ്ങള്‍ക്കുമുന്‍പ് അതിരാവിലെ തന്നെ നാദാപുരം നരിപ്പറ്റ, കൊയ്യാലിലെ അച്ചന്റെ ചായപ്പീടികയിലെ ജോലിയെല്ലാം കഴിഞ്ഞ് കോളജില്‍ പോകാനാവശ്യമായ പൈസ തരുമ്പോള്‍ അച്ചന്‍ സങ്കടത്തോടെ പറഞ്ഞ വാക്ക് ഇക്കാലമത്രയും മനസിലുണ്ടായിരുന്നു. നല്ല മാര്‍ക്കുണ്ടായിട്ടും എനിക്ക് നിങ്ങള്‍ ആറുപേരില്‍ മറ്റ് അഞ്ചു പേരെയും തുടര്‍ന്ന് പഠിപ്പിക്കാനായില്ല. നീയെങ്കിലും ഒന്നാമനായി പഠിച്ചു വളരണം.
എല്‍എല്‍ബി പരീക്ഷക്ക് യൂനിവേഴ്‌സിറ്റി ടോപ്പര്‍ സ്ഥാനം ഒരു മാര്‍ക്കിന് നഷ്ടപ്പെട്ട് സെക്കന്റ് ടോപ്പര്‍ ആയപ്പോള്‍ വലിയ സങ്കടമായിരുന്നു. എസഎസ്എല്‍സി മുതല്‍ ബിരുദാനന്തര ബിരുദം വരെ (രണ്ടു ഡിഗ്രിയും മൂന്ന് പിജിയും ഉള്‍പ്പെടെ) എല്ലാറ്റിലും ഫസ്റ്റ് ക്ലാസ് നേടാനായെങ്കിലും യുനിവേഴ്‌സിറ്റി ഒന്നാം റാങ്ക് നേടാനായിരുന്നില്ല. ആ ഒന്നാം റാങ്കെന്ന സ്വപ്നവും ദൈവാനുഗ്രഹത്താല്‍ പൂവണിഞ്ഞിരിക്കുകയാണ്….
2022 ലാണ് പാര്‍ട്ടി എന്നെ കാസര്‍ഗോഡ് ജില്ലയുടെ പ്രഭാരിയായി ചുമതല ഏല്പിക്കുന്നത്. ആ സമയത്താണ് മഞ്ചേശ്വരം ലോ കോളജില്‍ എല്‍.എല്‍.എമ്മിന് ചേരുന്നത്. ഒരു ഭാഗത്ത് ക്ലാസും പഠനവും മറുഭാഗത്ത് പാര്‍ട്ടി ഏല്‍പിക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിനൊക്കെ പുറമെ എന്റെ കുടുംബവും. പിന്നീട് നടന്നത് ഞാനും ജീവിതവും ലക്ഷ്യബോധവും തമ്മിലുള്ള തുടര്‍ച്ചയായ ഏറ്റുമുട്ടലുകളായിരുന്നു. ഇതിനിടയില്‍ പലരും എന്താണ് ചാനല്‍ ചര്‍ചയില്‍ കാണാത്തത്, ചില പരിപാടികളില്‍ കാണാത്തത്, കല്ല്യാണവീട്ടില്‍ സജീവമായി കണ്ടില്ലല്ലോ എന്നിങ്ങനെ പലപ്പോഴും ചോദിക്കുന്നു. ആകെപ്പാടെ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നെങ്കിലും പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും എന്റെ അസാന്നിധ്യം ഉണ്ടായത് ഈയൊരു പ്രധാനപ്പെട്ട ലക്ഷ്യം നേടാന്‍ വേണ്ടിയായിരുന്നു.
അതിനിടയില്‍ രണ്ടാം സെമസ്റ്ററിലും മൂന്നാം സെമസ്റ്ററിലും യുനിവേഴ്‌സിറ്റി ടോപ്പറിലെത്തിയത് കൂടുതല്‍ പ്രചോദനമായി. കാസര്‍ഗോഡുള്ള ദിവസം കോളജിലെത്താന്‍ ബുദ്ധിമുട്ടില്ലെങ്കിലും കോഴിക്കോട് നിന്നും പോകുന്ന ദിവസങ്ങളില്‍ അതിരാവിലെ 4.15ന് വീട്ടില്‍ നിന്നിറങ്ങിയാല്‍ മാത്രമേ കോളജില്‍ എത്താന്‍ സാധിക്കുകയുള്ളൂ. ഇതിനിടയില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം പാര്‍ലമെന്റിന്റെ ഇന്‍ ചാര്‍ജായി പാര്‍ട്ടി തീരുമാനിക്കുകയും ചെയ്തപ്പോള്‍ എല്ലാ പ്രതീക്ഷയും കൈവിട്ട പോലെയായിരുന്നു. കാരണം ആ സമയം ഫൈനല്‍ പരീക്ഷയുടെ സ്റ്റഡി ലീവും സബ്മിഷന്‍ ഉള്‍പ്പെടെയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങളും ചെയ്തു തീര്‍ക്കേണ്ട സമയമായിരുന്നു. അതിരാവിലെ മുതല്‍ രാത്രി വൈകിവരെയുള്ള പ്രവര്‍ത്തനം കഴിഞ്ഞ് പല ദിവസങ്ങളിലും 3 മണിക്കൂറില്‍ കൂടുതല്‍ കണ്ണടച്ചിരുന്നില്ല. 2 വര്‍ഷം കാറും പാര്‍ട്ടി ഓഫിസും ട്രെയിനുമെല്ലാം എന്റെ ഇഷ്ട്ടപ്പെട്ട പഠന മുറികളായി മാറിക്കഴിഞ്ഞിരുന്നു.
ചുരുക്കത്തില്‍ വിവരണാധീതമായ പോരാട്ടമായിരുന്നു 2022 മുതല്‍ 2024 ജൂണ്‍ 21 വരെ. ഒടുവില്‍ നാലാം സെമസ്റ്റര്‍ റിസള്‍ട്ടുകൂടി വന്നപ്പോള്‍ 83% മാര്‍ക്കോടെ അതിലും യുണിവേഴ്‌സിറ്റി ടോപ്പറാകാന്‍ സാധിച്ചു. ഫലത്തില്‍ നിങ്ങളെല്ലാവരുടെയും പ്രാര്‍ത്ഥനയും സഹായവും ദൈവാനുഗ്രഹവും കൊണ്ട് കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ LLM ( Criminal Law, 2022-24 batch) ഒന്നാം റാങ്ക് കരസ്ഥമാക്കാന്‍ സാധിച്ചു. കുട്ടിക്കാലം മുതല്‍ ഈ ഘട്ടം വരെ ഓരോ സ്വപ്നങ്ങള്‍ക്കും ചിറക് മുളച്ച് വിദ്യഭ്യാസ ജീവിതം ലക്ഷ്യത്തിലേക്കെത്തിച്ചത് ഓര്‍ത്തെടുക്കുമ്പോള്‍ ഹൃദയവും മനസും വികാരനിര്‍ഭരമാവുകയാണ്.
ഇതുവരെയുള്ള യാത്രയില്‍ തളര്‍ന്നു വീണുപോയിടത്ത് നിന്നും ദൈവദൂതന്‍മാരെ പോലെ കൈത്താങ്ങായവര്‍ ഒരു പാടാണ്. ഈ യാത്രയില്‍ എനിക്ക് ലഭിച്ച പിന്തുണകള്‍ക്കും പ്രോല്‍സാഹനങ്ങള്‍ക്കും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. കഴിഞ്ഞ രണ്ട് വര്‍ഷം ഞങ്ങള്‍ക്ക് ലഭിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രത്യേകിച്ചും ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. ഷീന ഷുക്കൂര്‍, കോളജിലെ അധ്യാപകര്‍ ഇവര്‍ തന്ന പ്രോല്‍സാഹനങ്ങള്‍ വളരെ വലുതായിരുന്നു. എന്റെ പ്രിയതമ ഡോ. ഭാഗ്യശ്രീ, സഹപാഠികള്‍ പ്രത്യേകിച്ച് ഹരീന്ദ്രന്‍.ആര്‍, സുഹൃത്തുക്കള്‍ ഇവരുടെയൊക്കെ പിന്തുണ വളരെ വലുതായിരുന്നു. പാര്‍ട്ടിയുടെ അധ്യക്ഷന്‍ ശ്രീ.കെ.സുരേന്ദ്രന്‍, സംഘടന സെക്രട്ടറി ശ്രീ.സുഭാഷ് ജി, മുന്‍ സംഘടന സെക്രട്ടറി ശ്രീ.ഗണേഷ് ജി, കാസറഗോഡ് ജില്ല പ്രസിഡന്റ് ശ്രീ.രവീഷ് തന്ത്രി കുണ്ടാര്‍, പ്രിയ സുഹൃത്ത് അശ്വന്ത് ഉള്‍പ്പെടെ സഹായിച്ച എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നെടുത്ത വാക്കുകള്‍ കൊണ്ട് നന്ദി അറിയിക്കുകയാണ്.