Newsperseconds.com

തിരച്ചില്‍ പത്താം ദിനം; ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി കനത്ത കാറ്റും മഴയും

Shirur

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി കനത്ത കാറ്റും മഴയും. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹൈവേക്ക് സമീപത്തെ ഗംഗാവലി പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് കനത്ത വെല്ലുവിളിയാണെന്ന് ഡിഫന്‍സ് പിആര്‍എ അതുല്‍ പിള്ള പറഞ്ഞു. കുത്തൊഴുക്ക് ക്രമപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണ്. ഒഴുക്ക് നിയന്ത്രിച്ചാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം വിജയകരമാകൂവെന്നും അതുല്‍ പിള്ള വ്യക്തമാക്കി.

രാവിലെ തന്നെ സൈന്യവും എന്‍ഡിആര്‍എഫ് സംഘവും തിരച്ചില്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരുന്നു. നേവി സംഘത്തിലെ മുങ്ങല്‍ വിദഗ്ധരുടെ സേവനം ഇന്ന് നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തില്‍ ലോറിയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കിടക്കുന്നത്. ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാന്‍ നാവികസേനയുടെ സ്‌കൂബാ ടീമിന് ഇന്നലെ കഴിഞ്ഞിരുന്നില്ല. ഇന്നും പുഴയില്‍ ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് നാവികസേന ദൗത്യത്തിന് വെല്ലുവിളിയാകുന്നത്.

Share this Article

Leave a Comment