സദാനന്ദപുരം ആശ്രമപരിസരത്ത് കയറി സന്യാസിമാരെയും കാവി പതാകയേയും അവഹേളിച്ച ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം. മന്ത്രി ഗണേഷ് കുമാറിന്റെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ആശ്രമത്തിന് നേരെ വേണ്ടെന്നും ആശ്രമങ്ങളെ ആക്ഷേപിക്കുന്ന മന്ത്രിയുടെ സ്ഥിരം ശൈലി അവസാനിപ്പിക്കണമെന്നും ആര്‍പിഐ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. സന്യാസിമാരെ ചോദ്യം ചെയ്യുകയും പിന്നീട് അത് പറഞ്ഞ് മാധ്യമങ്ങളുടെ മുന്നില്‍ സന്യാസിമാരെ അവഹേളിക്കുകയും ചെയ്തു. ഹിന്ദു സന്യാസിമാരെ അപമാനിച്ച് മറ്റു മതങ്ങളില്‍ പെട്ടവരുടെ സ്വീകാര്യത നേടാനാണ് മന്ത്രിയുടെ ശ്രമമെന്നാണ് മനസ്സിലായതെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.സദാനന്ദപുരം ആശ്രമത്തിലെ വിവാദ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസാണ് ദേശീയ നേതൃത്വത്തെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചത്.

ഒരു മന്ത്രി നേരിട്ടു വന്ന് സന്യാസി മഠത്തിലെ സന്യാസി പുരോഹിതന്മാരെ വെല്ലുവിളിക്കുന്ന രീതി ഭാരത സംസകാരത്തിന് ചേര്‍ന്നതല്ല. മന്ത്രി ഗണേഷ്‌കുമാര്‍ അല്ല സന്യാസിമാരുടെ യോഗ്യത അളക്കുന്നത്. അക്രമണം അതീവദുഖകരവും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണ്. ആശ്രമത്തേയും ഹിന്ദു സ്ഥാപനത്തേയും അപമാനിക്കാന്‍ ശ്രമിച്ച ഗണേഷ്‌കുമാര്‍ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്നും അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അക്രമണത്തിലെ പ്രതികളെ കണ്ടെത്തണമെന്നുള്ള ആവശ്യം ശക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ഇത്തരത്തില്‍ ഒരു മന്ത്രി വേറെയുണ്ടോ എന്നത് സംശയമാണ്. സിപിഎം മന്ത്രിമാര്‍ അനാവശ്യമായി ഇത്തരം വിവാദപരാമര്‍ശങ്ങളില്‍ പെടാറില്ലെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
എന്നാല്‍, മന്ത്രി ഗണേഷ്‌കുമാറിന് ചില മതങ്ങളുടെ നിറം കണ്ടാല്‍ കണ്ണില്‍പിടിക്കാറില്ല. ഒരിക്കലും മന്ത്രികസേര അര്‍ഹിക്കുന്ന ആളല്ല ഗണേഷ്‌കുമാറെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം കേന്ദ്രത്തിന് നിവേദനം നല്‍കും. ആശ്രമങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണം. ദേശീയ നേതൃത്വം അടിയന്തരമായി ഈ വിഷയത്തില്‍ ആശ്രമത്തിന് വേണ്ട പിന്തുണ ഉറപ്പാക്കുമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം സദാനന്ദപുരം ആശ്രമം സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.