കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിയായ 13 കാരിയുമായി കേരള പൊലീസ് സംഘം തിരുവനന്തപുരത്തെത്തി. വിശാഖപട്ടണത്ത് നിന്നും ഇന്നലെയാണ് പോലീസ് സംഘം കുട്ടിയുമായി യാത്ര തിരിച്ചത്. കുട്ടി ഇന്നലെ വരെ വിശാഖപട്ടണത്തെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലായിരുന്നു. കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ തീരുമാനമെടുക്കുക. പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്.
അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ ബുധനാഴ്ചയാണ് വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവര്‍ത്തകര്‍ ട്രെയിനില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കേരള പൊലീസിനെയും ആര്‍ പി എഫിനെയും വിവരമറിയിക്കുകയായിരുന്നു. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇന്ന് ചേരുന്ന സമിതി സിറ്റിങ്ങില്‍ കുട്ടിയുടെ തുടര്‍സംരക്ഷണം സംബന്ധിച്ചു തീരുമാനമെടുക്കും. മാതാപിതാക്കളുടെയും കുട്ടിയുടെയും മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴക്കൂട്ടം എസ്എച്ച്ഒ ആര്‍.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് എത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.