ആലപ്പുഴയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക അകപ്പെട്ട സംഭവത്തിന് കാരണം സര്‍ജന്മാരുടെ അനാസ്ഥയെന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. കരുവാറ്റ ദീപ ഹോസ്പിറ്റലില്‍ നടന്ന ചികിത്സാ പാളിച്ചയുടെ പ്രധാന കാരണം ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടേയും അശ്രദ്ധയും ജാഗ്രത കുറവുമാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്. വിജയകുമാര്‍ എന്ന ഡോക്ടര്‍ നടത്തിയ സര്‍ജറിക്കിടയിലാണ് വലിയ വീഴ്ച്ചയുണ്ടായത്. എന്നാല്‍ ഡോക്ടറിന്റെ പേരോ ആശുപത്രിയുടെ പേരോ നല്‍കാതെയാണ് വാര്‍ത്തയടക്കം പലയിടത്തും വന്നിട്ടുള്ളത്. സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സാ പിഴവുകള്‍ പതിവായിട്ടും കാര്യക്ഷമമായി ഇടപെടാന്‍ ആരും തയ്യാറായിട്ടില്ല. നടപടി എടുക്കേണ്ട അതാത് വകുപ്പ് മേധാവികളും ഇതിനെല്ലാം ഒത്താശ ചെയ്യുന്നുണ്ടെന്നും ആര്‍.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ചികിത്സാപിഴവുകള്‍ നിരന്തരകഥകളായി മാറുകയാണ്. എയ്ഡ്സ് രോഗിയുടെ മുലപ്പാല്‍ നവജാതശിശുവിന് നല്‍കിയ സംഭവം രണ്ടു മാസം മുമ്പാണുണ്ടായത്. റേഡിയേഷന്‍ ടേബിളില്‍ നിന്ന് രോഗി നിലത്ത് വീണു മരിച്ചതും ഏറെ വിവാദമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശേഷം സ്ത്രീയുടെ വയറ്റില്‍ കത്രിക വെച്ച് തുന്നിക്കെട്ടിയതും ഏറെ ചര്‍ച്ചയായിരുന്നു. ശസ്ത്രക്രിയക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി മുപ്പതുവയസുകാരി അഞ്ച് വര്‍ഷമാണ് ജീവിച്ചത്. യുവതിയുടെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ശരീരത്തില്‍ കത്രിക ഉള്ള കാര്യം മനസ്സിലായത്. യുവതിയുടെ ശരീരത്തില്‍ നിന്നും പുറത്തെടുത്തത് 11 സെന്റീമിറ്റര്‍ നീളമുള്ള കത്രികയായിരുന്നു. കൂടാതെ, ആറാം വിരല്‍ നീക്കാനെത്തിയ നാലുവയസ്സുകാരിയുടെ അവയവം മാറി നാവിന് ശസ്ത്രക്രിയ ചെയ്തതും ചര്‍ച്ചയില്‍ നിറഞ്ഞുനിന്നിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ നടപടികളുമുണ്ടായില്ല. നിരവധി ജീവനാണ് ആശുപത്രി അധികൃതരുടെ അലംഭാവം കാരണം ദുരിതത്തിലാവുന്നത്. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി.